പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ബാഹുബലിയുടെ ആദ്യ ഭാഗം പോലെ തന്നെ ആകാഷയും ഉദ്വേഗവും നിറഞ്ഞതാണ് രണ്ടാം ഭാഗവുമെന്ന് വ്യക്തമാണ്. യുദ്ധവും പ്രണയവും നിറഞ്ഞ ബാഹുബലിയുടെ ഓരോ സീനും പ്രേക്ഷകരെ കണ്ണിമ ചിമ്മാതെ പിടിച്ചിരുത്തുന്നതാണ്.

പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന ആകര്‍ഷണം. അനുഷ്‌കയുടെയും രമ്യ കൃഷ്‌ണന്രെയും മാസ്‌മരിക അഭിനയവും ചിത്രത്തിൽ നിറഞ്ഞു നിൽക്കുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. നാസർ, സത്യരാജ്, തമന്ന തുടങ്ങിയവരും ട്രെയിലറിലുണ്ട്.

എസ്.എസ്.രാജമൗലിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ. പ്രേക്ഷകർ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം വരവിനായി. ബാഹുബലി-2 ദി കൺക്ളൂഷൻ കൂടുതൽ പ്രണയ സാന്ദ്രവും ആക്ഷൻ നിറഞ്ഞതുമായിരിക്കുമെന്നാണ് പോസ്റ്ററുകളിലെ പോലെ ട്രെയിലറും നൽകുന്ന സൂചന.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യം ഉയർത്തിയാണ് ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്. അതിനുളള ഉത്തരം രണ്ടാം ഭാഗത്തിലൂടെ അറിയാനുളള കാത്തിരിപ്പിലാണ് ബാഹുബലി ആരാധകർ. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ഏപ്രിൽ 28ന് ബാഹുബലി ദി കൺക്ളൂഷൻ തിയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ