ന്യൂയോർക്ക്: അസര്‍ബെയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവ് ഐക്യരാഷ്ട്രസഭയിൽ കൂട്ടക്കുരുതിയെ സംബന്ധിച്ച് വളരെ ഗൗരമകരമായി സംസാരിക്കുന്നതിനിടയില്‍ മകള്‍ സെല്‍ഫിയെടുത്തത് വാർത്തയാകുന്നു.

കഴിഞ്ഞ ആഴ്ച 1992-ലെ നാഗൊറോണ്‍ -കറാബക് യുദ്ധത്തെ കുറിച്ച് അല്‍യേവ് ലോകനേതാക്കളോട് പൊതുസമ്മേളനത്തില്‍ സംസാരിച്ചിരുന്നു. അല്‍യേവ് ലോകനേതാക്കളോട് യുദ്ധത്തെ കുറിച്ചും കൂട്ടക്കുരുതിയെ കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് 33-കാരിയായ മകള്‍ ലെയ്‌ല അല്‍യേവ് സദസ്സിലിരുന്ന് സെല്‍ഫിയെടുത്തത്.

പിതാവിന്റെ പ്രസംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്ന ലെയ്‌ല അതിനിടയില്‍ സമീപത്തിരുന്ന അമ്മയുമായി സംസാരിക്കുകയും ഫോണ്‍ തിരിച്ച് ‘ഞെട്ടിക്കൊണ്ടുള്ള’ സെല്‍ഫി എടുക്കുകയുമായിരുന്നു.

ഒരുപക്ഷേ പിതാവിന്റെ പ്രസംഗത്തോടുളള പ്രതികരണമായിരിക്കാം സെല്‍ഫിയായി ലെയ്‌ല എടുത്തതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സംഗതി എന്തായാലും ഐക്യരാഷ്ട്രസഭയുടെ തല്‍സമയ സംപ്രേഷണത്തിലൂടെ ലോകം മുഴുവനും ലെയ്‌ലയുടെ സെല്‍ഫിയെടുക്കല്‍ കണ്ടു. അസര്‍ബെയ്ജാന്‍ വൈസ് പ്രസിഡന്റും ഇല്‍ഹാം അല്‍യേവിന്റെ ഭാര്യയുമായ മെഹ്‌റിബാന്‍ ലെയ്‌ലയുടെ സമീപത്തിരുന്ന് പ്രസംഗം വീക്ഷിക്കുന്നുണ്ടായിരുന്നു. സാഹചര്യം മാനിക്കാതെയുള്ള പ്രവർത്തിയായിപ്പോയി ലെയ്ലയുടെതെന്നാണ് വിമർശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ