മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തന്‍ മലയാളത്തിന് സമ്മാനിച്ച താരമാണ് അപര്‍ണ ബാലമുരളി. മഹേഷിലെ ജിംസിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അപര്‍ണയെ പിന്നീടും പല കഥാപാത്രങ്ങളായി മലയാളികള്‍ കണ്ടു. ഇത്തവണ, ബിലഹരി ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അള്ള് രാമേന്ദ്രനി’ലെ സ്വാതി എന്ന കഥാപാത്രമായാണ് അപര്‍ണ എത്തുന്നത്.

നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ കൃഷ്ണ ശങ്കറാണ് ചിത്രത്തില്‍ അപര്‍ണയുടെ നായകനായെത്തുന്നത്. ജിത്തു എന്ന കഥാപാത്രത്തെയാണ് കൃഷ്ണ ശങ്കര്‍ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന പ്രണയഗാനമാണ് ഇപ്പോള്‍ അണിയപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ആരും കാണാതെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ഗാനം പുറത്തിറങ്ങിയതു മുതല്‍ അപര്‍ണ-കൃഷ്ണ ശങ്കര്‍ ജോഡികളെക്കുറിച്ചും, അപര്‍ണയുടെ ഭാവപ്രകടനങ്ങളെ കുറിച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളുമായി സാമ്യമുണ്ടെന്നാണ് പലരും പറയുന്നത്.

ചെലവ് കുറഞ്ഞ സിനിമ ഒരുക്കിയാണ് ബിലഹരി ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. പോരാട്ടം എന്ന 25000 രൂപയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലറും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പോരാട്ടം ഇതുവരേയും പുറത്തിറങ്ങിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook