സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ കഴുകിയാല്‍ മായാത്ത ഒരു കളങ്കത്തിന്റെ ഓര്‍മ്മ ദിവസമാണ് ഇന്ന്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ വച്ച് രാജ്യത്തിന്റെ മനഃസ്സാക്ഷിയെ നടുക്കിയ ആ സംഭവമുണ്ടായത്. കൂട്ടുകാരനൊപ്പം സിനിമ കണ്ടു ബസ്സില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ആറു പേരുടെ ഒരു സംഘം ക്രൂരമായി ആക്രമിക്കുകയും, അവള്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.

പിന്നീട് ‘നിര്‍ഭയ’ എന്ന് പേരിട്ടു വിളിച്ച ആ പെണ്‍കുട്ടിയുടെ വേദനയും അപമാനവും പലവിധ പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും വഴി തുറന്നു. മുന്‍പൊരിക്കലും ഉണ്ടാവാത്തത് പോലെയുള്ള ചര്‍ച്ചകള്‍ നടന്നു, സ്ത്രീ സുരക്ഷയെക്കുറിച്ചും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുമെല്ലാം. ‘നിര്‍ഭയ’ ഇന്ത്യന്‍ സ്ത്രീ ചരിത്രത്തിലെ പോരാട്ടത്തിന്റെ മറുപേരായി മാറി. കലയിലും സംഗീതത്തിലുമെല്ലാം നിര്‍ഭയയുടെ പോരാട്ടങ്ങള്‍ പ്രതിഫലിച്ചു.

വിഖ്യാത ഇന്ത്യന്‍ സംഗീതജ്ഞയായ അനുഷ്ക ശങ്കര്‍ തന്റെ സിതാര്‍ ആല്‍ബമായ ‘ട്രേസസ് ഓഫ് യൂ’വില്‍ നിര്‍ഭയയ്ക്കായി ഒരു ഈണം മാറ്റി വച്ചിട്ടുണ്ട്. ‘ഇന്‍ ജ്യോതീസ് നെയിം’ എന്നത് ‘നിര്‍ഭയ’ സംഭവത്തിനോടുള്ള തന്റെ എതിര്‍പ്പും, സങ്കടവും പ്രകടിപ്പിക്കാനാണ് എന്നാണു ഗ്രാമി പുരസ്കാര ജേതാവും പണ്ഡിറ്റ്‌ രവിശങ്കറിന്റെ മകളുമായ അനുഷ്ക പറയുന്നത്.

“എന്നെ എല്ലാ കാലത്തും തീവ്രമായി സങ്കടപ്പെടുത്തുകയും ദേഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒന്നാണ് ലൈംഗിക അതിക്രമങ്ങള്‍. അതിന്റെ ക്രൂരതകളിലൂടെ, ട്രോമയിലൂടെ കടന്നു പോയിട്ടുള്ളവരോടുള്ള എന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കല്‍ കൂടിയാണ് എന്റെ സങ്കടവും ദേഷ്യവും പ്രതിഫലിപ്പിക്കാനായി ഞാന്‍ കമ്പോസ് ചെയ്ത ഈ ഗാനം. സംഗീതപരമായി വെല്ലുവിളി നിറഞ്ഞ, തികച്ചും ശക്തമായ ശ്രീ എന്ന രാഗത്തിലാണ് ഇത് കമ്പോസ് ചെയ്തിരിക്കുന്നത്”, ആല്‍ബത്തെക്കുറിച്ചുള്ള കുറിപ്പില്‍ അനുഷ്ക ഇങ്ങനെ എഴുതി. 2013 ലാണ് ‘ട്രേസസ് ഓഫ് യു’ റിലീസ് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook