‘കനവുപോല്‍ കൂടെ ആരോ…’ ഈ ഒരു പാട്ട് മതി ആന്‍ ആമി എന്ന ഗായികയെ മലയാളികള്‍ക്ക് തിരിച്ചറിയാന്‍. മലയാളത്തിന്റെ പുതുശബ്ദമായ ആന്‍ ആദ്യമായി ഒരുക്കിയ മ്യൂസിക് വീഡിയോ ‘അലൈകള്‍’ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രണ്ട് തമിഴ് ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പ്രത്യേക തീമിനെ അടിസ്ഥാനപ്പെടുത്തിയാണ് ആന്‍ ഈ കവര്‍ ഒരുക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തിലെ എ.ആര്‍.റഹ്മാന്‍ സംഗീതം നല്‍കിയ ‘അടിയേ’ എന്ന ഗാനവും രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കബാലിയില്‍ സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ‘മായാ നദി’ എന്ന ഗാനവുമാണ് ‘അലൈകള്‍’ക്കായി ആന്‍ ഉപയോഗിച്ചിരിക്കുന്നത്.

ആദ്യ പകുതിയില്‍ ‘അടിയേ’യും രണ്ടാം പകുതിയില്‍ ‘മായാ നദി’യും മാറി വരുമ്പോള്‍ മ്യൂസിക് വീഡിയോയുടെ തീമും അതിനനുസരിച്ച് മാറുന്നുണ്ട്. ഇത്തരത്തില്‍ കണ്‍സെപ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള കവറുകള്‍ വളരെ കുറവായ കാലത്താണ് ഇങ്ങനെയൊരു പരീക്ഷണവുമായി ആന്‍ എത്തുന്നത്. ഇതില്‍ അഭിനയിച്ചിരിക്കുന്നത് ആനും സംവിധായകന്‍ റമീസും തന്നെയാണ്.

‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ ഗായികയാണ് ആന്‍ ആമി. പിന്നീട് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിലെ ‘കിളിവാതില്‍ ചാരി നീ’ എന്ന പാട്ടിലൂടെയാണ് ആന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ കരിയറിലെ വഴിത്തിരിവായാണ് ആ ഗാനത്തെ ആന്‍ തന്നെ വിശേഷിപ്പിക്കുന്നത്. അതിനു ശേഷം പല ചിത്രങ്ങളിലും പാടിയിരുന്നു. എന്നാല്‍ അഞ്ജലി മേനോന്റെ ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക് ഉള്‍പ്പെടെയുള്ള രണ്ടു പാട്ടുകളും ആന്‍ ആമി എന്ന ഗായികയെ മലയാളികളുടെ പ്രിയങ്കരിയാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ