ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഷാരൂഖ് ഖാന്‍ കഥാപാത്രമായി ചിത്രീകരിക്കുന്ന സ്പൂഫ് വീഡിയോ പ്രചരിക്കുന്നു.

ബോളിവുഡ് ചിത്രമായ റയീസിന്റെ ട്രെയിലറാണ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലമൊരുക്കി എഡിറ്റ് ചെയ്ത് പ്രചരിക്കുന്നത്. അഖിലേഷ് യാദവ്, ഭാര്യയായ ഡിംബിള്‍ യാദവ്, പ്രധാനമന്ത്രി നരേന്ദ്രമോദി, എന്നിവരും വീഡിയോയില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് മുഖം കൊടുക്കുന്നു.

ചിത്രത്തില്‍ നായകകഥാപാത്രമായ റയീസിനെ വെടിവെച്ചു കൊലപ്പെടുത്തിയ നവാസുദ്ധീന്‍ സിദ്ധീഖിയുടെ കഥാപാത്രത്തിനാണ് നരേന്ദ്രമോദിയുടെ മുഖം കൊടുത്തിരിക്കുന്നത്. സിനിമയിലേത് പോലെ തെരഞ്ഞെടുപ്പിലും അവസാനം മോദി അഖിലേഷിനെ വീഴ്ത്തുമോ എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

നായക കഥാപാത്രമായ റയീസായി എത്തുന്നത് അഖിലേഷാണ്. രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍, രാം ഗോപാല്‍ യാദവ് എന്നിവരും വീഡിയോയില്‍ കഥാപാത്രങ്ങളാകുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അഖിലേഷും നരേന്ദ്രമോദിയും നേര്‍ക്കുനേര്‍ വരുന്ന വീഡിയോ നവമാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. 80 ജില്ലകളിലായി 14 കോടി വോട്ടര്‍മാരുള്ള ജനപ്രിയനായ അഖിലേഷ് യാദവിന്റെ ഉത്തര്‍പ്രദേശില്‍ വിജയി ആരാണെന്ന പ്രവചനം അസാധ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook