“മന്‍ശ്യന്റെ ഓരോ കാര്യങ്ങളേ..നമ്മളൊക്കെയാ ഉള്ളി പോലെയാ.. ചാക്കീന്നു കൊട്ടേലേക്ക്, കൊട്ടേന്നു പാത്രത്തിലേക്ക്, ചെലപ്പൊ കത്തിമൊനയിലേക്ക്..ഇതീന്നൊക്കെ മാറി ചിന്തിക്കുന്നോരെ കാര്യം.. ” മാമുക്കോയയുടെ പറച്ചിലിനോടൊപ്പം മാറിതെറിച്ച ഒരുള്ളി ഉരുണ്ടുരുണ്ട്‌ പൊലീസ്‌ ജീപ്പിന്‍റെ ടയറിനടിയിലേക്ക് ചെന്നുപെടുകയാണ്. ആര്‍ഷഭാരത സംസ്കാരത്തിലെ ജനാധിപത്യത്തിന്‍റെ വണ്ടികള്‍ ഉരുളാന്‍ ഒരുങ്ങുകയായി..

ജൂബിത് നമ്രടത്ത് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. സാമൂഹ്യപ്രാധാന്യമുള്ള ഒരാക്ഷേപഹാസ്യമായ ആഭാസം ‘ആര്‍ഷഭാരത സംസ്കാരത്തിന്‍റെ’ ചുരുക്കപ്പേരാണ്. സുരാജ് വെഞ്ഞാറമൂട് റീമാ കല്ലിങ്കല്‍, അലൻസിയർ ലേ ലോപ്പസ്, സാമൂഹ്യപ്രവര്‍ത്തകയായ ശീതള്‍ ശ്യാം എന്നിവരാണ് സിനിമയില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഊരാളി’ ബാന്‍ഡാണ് ചിത്രത്തിനു സംഗീതം നല്‍കുന്നത്. ഇന്ദ്രന്‍സ്, സുജിത് ശങ്കര്‍, അഭിജ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ‘കലക്ടീവ് ഫേസ് വണ്‍ ‘ നിര്‍മാണ പങ്കാളിയാവുന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് സഞ്ജു എസ് ഉണ്ണിത്താന്‍ ആണ്.

ഗാന്ധി, അംബേദ്‌കര്‍, മാര്‍ക്സ്, ഗോഡ്സെ, ജിന്ന എന്നീ പെരുകളുള്ള നാലു ബസ്സുകള്‍ കേന്ദ്രീകരിച്ചാണ് ആഭാസത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ഷൂട്ടിങ്ങിനിടെ തന്നെ വലതുപക്ഷ ദേശീയവാദികളുടെ കണ്ണില്‍ കരടായി മാറിയ സിനിമയുടെ ബാംഗ്ലൂരിലെ ഷെഡ്യൂള്‍ ഹൈന്ദവസംഘടനകളുടെ ഭീഷണി കാരണം പൊലീസ് നിര്‍ത്തിച്ചിരുന്നു. വെള്ളിയാഴ്ച ഫെയ്സ്ബുക്കിലൂടെ രാജീവ് രവി റിലീസ് ചെയ്ത ടീസര്‍ ഇതിനോടകം തന്നെ ട്രെന്‍ഡിങ് ആണ്.

Read About : “ദേശീയവാദികളുടെ” കണ്ണിൽ കരടായി” ആഭാസം”; ഷൂട്ടിങ് മുടക്കി പൊലീസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ