റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിലെ മൃഗശാലയില്‍ ജനിച്ച ആഫ്രിക്കന്‍ പുള്ളിപ്പുലിക്കുട്ടിയെ ദത്തെടുത്തിരിക്കുകയാണ് ഒരു നായ. ടെസി എന്ന നായയാണ് പുള്ളിപ്പുലിക്കുട്ടിയുടെ പോറ്റമ്മയുടെ റോള്‍ നിര്‍വഹിക്കുന്നത്. സാഡ്ഗോറോഡ് മൃഗശാലയില്‍ ജനിച്ച പുള്ളിപ്പുലിക്കുട്ടിയെ അമ്മയുടെ സമീപത്തേക്കയയ്ക്കാന്‍ കഴിയാത്തതാണ് വളർത്തമ്മയെ അന്വേഷിക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങളെത്തിച്ചത്. ഇതിനു മുന്‍പ് തനിക്കു ജനിച്ച മൂന്നു കുട്ടികളെ ഈ അമ്മപ്പുലി കൊന്നിരുന്നു.

ടെസി തന്റെ നാലു കുട്ടികള്‍ക്കൊപ്പമാണ് പുള്ളിപ്പുലിക്കുട്ടിയേയും പരിപാലിക്കുന്നത്. കൃത്യമായി മക്കള്‍ക്കൊപ്പം പുള്ളിപ്പുലിക്കും പാലു കൊടുക്കാന്‍ ടെസിക്കു ഒരു മടിയുമില്ല. മറ്റു മക്കളെപ്പോലെ തന്നെ പുള്ളിപ്പുലിക്കുട്ടിയെ കൊഞ്ചിക്കാനും സ്നേഹിക്കാനും ടെസി സമയം കണ്ടെത്തുന്നുമുണ്ട്.

കൃത്രിമമായി പാലു നല്‍കുന്നത് പുള്ളിപ്പുലിക്കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉപകരിക്കില്ല. അതിനാല്‍ മുലപ്പാല്‍ നല്‍കാനുള്ള സാഹചര്യം അന്വേഷിച്ചപ്പോഴാണ് ടെസിയുടെ അടുത്തേക്ക് പുലിക്കുട്ടിയെ അയച്ചു പരീക്ഷണം നടത്തിയതും അതു വിജയിച്ചതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ