സിംഗപ്പൂരില്‍ കടലിലേക്ക് കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റോസ കോവിലാണ് സംഭവം നടന്നത്. സെന്റോസയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമായി വാഹനാപകടം ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെയാണ് 36കാരന്‍ കടലിലേക്ക് കാര്‍ ഓടിച്ചത്.

ഇയാളേയും പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനേയും സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷമാണ് കാര്‍ കടലിലേക്ക് ഓടിച്ചത്. എന്നാല്‍ വാഹനം വെളളത്തില്‍ പൂര്‍ണമായി മുങ്ങിപ്പോയിട്ടും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ഇയാള്‍ക്ക് രക്ഷപ്പെടാനായി ലൈഫ് ജാക്കറ്റുകള്‍ അയച്ചു കൊടുത്തെങ്കിലും ഇയാള്‍ വണ്ടിയില്‍ തന്നെ തുടര്‍ന്നു.

ദൃക്സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ബോട്ടിലുണ്ടായിരുന്ന ഒരാള്‍ എടുത്ത് ചാടിയാണ് ഡ്രൈവറെ രക്ഷിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതിക്രമിച്ച് കടന്നതിനും സുരക്ഷാ ഉദ്യോഗസ്ഥനെ പരുക്കേല്‍പ്പിച്ചതിനും ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ