ആവേശമുയർത്തി കൊണ്ട് മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ട്രെയിലറെത്തി. ആരാധകരെ പൂർണമായും തൃപ്‌തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുദ്ധ രംഗങ്ങളും പോർവിളികളും ദേശീയതയും എല്ലാം കോർത്തിണക്കിയ ട്രെയിലറാണ് ഇറങ്ങിയിരിക്കുന്നത്. മേജർ രവിയാണ് ഈ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകൻ.

ഇന്ത്യ-പാക്ക് യുദ്ധസമയത്ത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മേജർ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി താരം റാണ ദഗുപതിയാണ് മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുന്നത്.

കാണ്ഡഹാര്‍, കർമയോദ്ധ സിനിമകള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്‌സ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. കേണൽ മഹാദേവനായും മേജർ മഹാദേവനായും മോഹൻലാൽ ചിത്രത്തിലെത്തുന്നുണ്ട്.

ആശ ശരത്താണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്.രൺജി പണിക്കർ, സുധീർ കരമന, മണിക്കുട്ടൻ, അല്ലു സിരീഷ്, സൈജുു കുറുപ്പ്, കൃഷ്‌ണ കുമാർ, മനുരാജ്, ഷഫീക്ക്, മേഘനാഥൻ, കണ്ണൻ പട്ടാമ്പി എന്നിവരാണ് ചിത്രത്തിലെ മറ്റുളള താരങ്ങൾ. സുജിത്ത് വാസുദേവനാണ് 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഗായകനായി നജീം അർഷാദ് ആദ്യമായി സംഗീത സംവിധായകനായ ചിത്രം കൂടിയാണ് 1971 ബിയോണ്ട് ബോർഡേഴ്‌സ്. ഒരു ഹിന്ദി ദേശഭക്തി ഗാനത്തിനാണ് നജീം സംഗീതം നൽകിയിരിക്കുന്നത്. ഹരിഹരനാണ് ഈ ഗാനം പാടിയിരിക്കുന്നത്.
വൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ