ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാംപടി’യിലെ ഗാനമെത്തി. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാമണി,​അഹാന കൃഷ്ണ, മനോജ് കെ ജയൻ, മണിയൻപിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റർ ആർട്ടിസ്റ്റുകളും കൈകോർക്കുന്ന ചിത്രമാണ് ‘പതിനെട്ടാംപടി’. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും അതിഥിവേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ബികെ ഹരിനാരായണന്റെ വരികൾക്ക് എ എച്ച് കാഷിഫ് സംഗീതം നൽകി ഹരിചരൺ ശേഷാന്ദ്രി, സൂര്യൻഷ് ജെയിൻ​ എന്നിവർ ചേർന്നു പാടിയ ‘അഗനഗ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസിന് എത്തിയിരിക്കുന്നത്. എ ആർ റഹ്മാന്റെ മരുമകനാണ് എ എച്ച് കാഷിഫ്. ചിത്രത്തിലെ ‘ബീമാപ്പള്ളി’ എന്നു തുടങ്ങുന്ന ഗാനം മുൻപ് റിലീസിനെത്തിയിരുന്നു.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രം വിദ്യഭ്യാസ രംഗത്തെ കീഴ്‌വഴക്കങ്ങളെ കുറിച്ച് പുതിയ ദിശാബോധം നൽകാനാണ് ശ്രമിക്കുന്നത്. അടിസ്ഥാന വിദ്യഭ്യാസം ക്ലാസ്സ് മുറികളിൽ നിന്നല്ല, പുറത്തുള്ള സമൂഹത്തിൽ നിന്നുമാണ് തുടങ്ങുന്നതെന്ന കഥാതന്തുവാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഏപ്രിൽ 17 ന് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജൂൺ അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

Read more: അതിഥി വേഷത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും; ‘പതിനെട്ടാം പടി’ ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മുൻപ് ടൊവിനോ തോമസും ചിത്രത്തിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടൊവിനോയുടെ റോളാണ് ഉണ്ണി മുകുന്ദനിൽ എത്തിയിരിക്കുന്നതെന്നാണ് സൂചന.

പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫറായ കെച്ച കെംബഡികയുടെ കീഴിൽ ചിത്രത്തിലെ പുതുമുഖതാരങ്ങൾക്ക് വേണ്ടി ആക്ഷൻ ക്യാമ്പും മുൻപ് സംഘടിപ്പിച്ചിരുന്നു. കെച്ച മാസ്റ്ററും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടേഴ്സ്. ആഗസ്ത് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ഐസിഎൽ ഫിൻകോർപ്പിനു വേണ്ടി കെ ജി അനിൽ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുദീപ് ഇളമൺ ഛായാഗ്രഹണവും ഭുവൻ ശ്രീനിവാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook