സഹാനുഭൂതി വളർത്താനും സൗഖ്യത്തിനും സംഗീതത്തിന്റെ മാന്ത്രിക ശക്തിയിൽ വിശ്വസിച്ച് കൊണ്ട് 6 നഗരങ്ങളിൽ നിന്ന് 17 കലാകാരന്മാർ ഒരുമിച്ച് അതിമനോഹരമായ ഒരു ഖവാലി ഒരുക്കിയിരിക്കുന്നു. ‘ജന്നത്-ഇ-ഖാസ്’ എന്ന ഈ ഗാനം ആനന്ദവും സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു ലോകത്തെ പ്രത്യാശിക്കുന്നു. ഷബിന്‍ സംഗീതവും പങ്കജ് ഭഗത് ഗാനരചനയും നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം കൃഷ്ണ ബോംഗനെയും നിള മാധവ് മോഹപാത്രയും ചേർന്നാണ്. ശാർദൂൽ നായിക്, യാഗ്‌നേഷ് സാല്യാൻ, പ്രസാദ് മഞ്ചരേക്കർ, പ്രണയ് മോഹൻ പവാർ എന്നിവർ ബാക്കിങ് വോക്കൽസ് നൽകിയിരിക്കുന്നു. ലോക്ക്ഡൗൺ നിബന്ധനകൾ പാലിച്ചു കൊണ്ടാണ് ഓരോ കലാകാരന്മാരും അവരവരുടെ സ്ഥലങ്ങളിൽ നിന്ന് ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചത്.

“നാല് സെഷനിലായി എല്ലാ റെക്കോർഡിങ്ങും പൂർത്തീകരിച്ചു. വോക്കൽസും പെർകഷനും മുംബൈയിലും, സ്ട്രിങ്സ് കൊച്ചിയിലും, ബേസ് കോട്ടയത്തും റെക്കോർഡ് ചെയ്തു. കുറച്ചു സിന്ത് ഞാൻ ബെംഗളൂരുവിൽ നിന്നും പ്രോഗ്രാം ചെയ്തു. അനവധി ട്രാക്കുകളുള്ളത് കൊണ്ട് നല്ല സമയമെടുത്ത് തന്നെയാണ് മിക്സിങ് ചെയ്തത്. ലോക്ക്ഡൗണിനു മുമ്പ് തന്നെ മിക്സിങ് കഴിഞ്ഞിരുന്നു. ഒരു സിനിമാറ്റിക് രീതിയിൽ ചിത്രീകരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ലോക്ക്ഡൗൺ വന്നപ്പോൾ വേറെ രീതിയിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ബാക്ഗ്രൗണ്ടും ഫോണിന്റെ സ്ഥാനവും നിശ്ചയിച്ച് ഓരോ കലാകാരന്മാരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് ചിത്രീകരണം നടത്തി. ഞാൻ ബെംഗളൂരുവിൽ നിന്നും ചിത്രസംയോജനവും ചെയ്തു. അങ്ങനെയാണ് വീഡിയോ പൂർത്തീകരിച്ചത്,” ഗാനത്തിന്റെ നിർമാണത്തെ കുറിച്ച് സംഗീത സംവിധായകൻ ഷബിൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook