പുഷ്‌പം പോലെ കോൺക്രീറ്റ് സ്ളാബുകൾ അടിച്ച് പൊട്ടിക്കുന്ന പല വിഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തല കൊണ്ട് കോൺക്രീറ്റ് സ്ളാബുകൾ തകർക്കുന്ന ഒരു പയ്യന്റെ വിഡിയോയാണിപ്പോൾ തരംഗമായിരിക്കുന്നത്. ബോസ്‌നിയക്കാരനായ കരീം അഹമ്മദ്സ്‌പാഹിക്കാണ് നമ്മുടെ താരം.

തല കൊണ്ട് 111 കോൺക്രീറ്റ് സ്ളാബുകൾ തകർത്തിരിക്കുകയാണ് ഒരു 16കാരൻ. ഇതിനായി ഈ പയ്യൻ എടുത്തതാകട്ടെ വെറും 35 സെക്കന്റും. ത്വയ്‌ക്കോണ്ട ചാംപ്യനായ കരീം അഹമ്മദ്സ്‌പാഹിക്കാണ് പുഷ്‌പം പോലെ കോൺക്രീറ്റ് സ്ളാബുകൾ തകർത്തത്. ഇതു വഴി ഗിന്നസ് വേൾഡ് റെക്കോർഡാണ് ഈ 16കാരനെ തേടിയെത്തിയത്. ബോസ്‌നിയയിലെ വിസ്‌കോയാണ് ഈ റെക്കോർഡ് പ്രകടനത്തിന് വേദിയായത്. കരീമിന്റെ പ്രകടനം കാണാൻ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പ്രതിനിധി സംഘവും വേദിയിലെത്തിയിരുന്നു.

ബോസ്‌നിയയിലെ ത്വയ്‌ക്കോണ്ടയിലെ ബ്ളാക്ക് ബെൽറ്റ് ജൂനിയർ ചാംപ്യനാണ് ഈ 16കാരൻ. 35 സെക്കന്റുകൾ കൊണ്ടാണ് പല സെറ്റുകളിലായി അടുക്കി വച്ചിരുന്ന കോൺക്രീറ്റ് സ്ളാബുകൾ കരീം തല കൊണ്ട് അടിച്ചു തകർത്തത്. മലക്കം മറിഞ്ഞായിരുന്നു കരീം അടുക്കി വച്ച സ്ളാബുകൾ ഒന്നായി പൊളിച്ചടുക്കിയത്. ഒരു നിശ്ചിത അകലത്തിൽ നിരത്തി വച്ചിരിക്കുകയായിരുന്നു കോൺക്രീറ്റ് സ്ളാബുകൾ.

ഓരോ സെറ്റ് കോൺക്രീറ്റ് സ്ളാബുകളും തകരുമ്പോൾ കരഘോഷം മുഴക്കുന്ന ജനങ്ങളുടെ ശബ്‌ദവും വിഡിയോയിൽ കേൾക്കാം. കൂടാതെ പശ്ചാത്തലത്തിലൊരാൾ ഓരോ സെറ്റുകളും എണ്ണുന്നതായും കേൾക്കാം. 111 കോൺക്രീറ്റ് സ്ളാബുകളും തകർത്ത ശേഷം ചുറ്റുമുളളവരുമായി കരീം സന്തോഷം പങ്ക് വയ്ക്കുന്നതും വിഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ