ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ സമ്മേളനത്തിന്റെ നിറം കെടുത്തി നാടകീയ സംഘർഷം. ആംആദ്മി പാർട്ടി അംഗങ്ങളും പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്രയും തമ്മിലാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിനെതിരെ അഴിമതി ആരോപണങ്ങളുയർത്തി കാട്ടിയ ബാനറിന്റെ പേരിലായിരുന്നു സംഘർഷം.
മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളുടെ ബാനറുമായാണ് കപിൽ മിശ്ര ഇന്ന് സഭയിലെത്തിയത്. ഇത് സഭാ സമ്മേളനത്തിനിടയിൽ ഇദ്ദേഹം ഉയർത്തിയതോടെ ആംആ്ദമി അംഗങ്ങളിൽ ചിലർ ഇദ്ദേഹത്തെ വലിച്ചിരുത്താനും ബാനർ പിടിച്ചുവാങ്ങാനും ശ്രമിച്ചു.
മദൻ ലാൽ, ജെർണയിൽ സിംഗ് തുടങ്ങിയ ആംആദ്മി എംഎൽഎ മാരാണ് കപിൽ മിശ്രയെ കയ്യേറ്റം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. സ്പീക്കർ രാം നിവാസ് ഗോയൽ കപിൽ മിശ്രയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ നിയമസഭാ പൊലീസിനോട് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ സഭ യോഗം സ്പീക്കർ പിരിച്ചുവിട്ടു. ജിഎസ്‌ടി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് 15 മിനിറ്റ് നേരത്തേക്ക് ഇന്ന് സഭ സമ്മേളിച്ചത്.
തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ കപിൽ മിശ്ര, സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ നാലോ അഞ്ചോ ആംആദ്മി എംഎൽഎ മാർ തന്നെ വളഞ്ഞ് ആക്രമിച്ചുവെന്ന് പറഞ്ഞു. ഇതിന് പിന്നിൽ മന്ത്രി മനീഷ് സിസോദിയ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.