scorecardresearch

പുത്തൻ അവതാരം: ‘നോട്ട’യിൽ രാഷ്ട്രീയക്കാരനായി വിജയ് ദേവരകൊണ്ട

ഗൗരവക്കാരനായ രാഷ്ട്രീയക്കാരനായി വിജയ് ആരാധകരെ അമ്പരപ്പിക്കുന്നു.

‘ഗീതാഗോവിന്ദ’ത്തിലൂടെ ‘നൂറുകോടി ക്ലബ്ബി’ൽ ഇടം നേടിയ വിജയ് ദേവരകൊണ്ടയുടെ പുതിയചിത്രം ‘നോട്ട’യുടെ വീഡിയോയെ ആവേശത്തോടെ വരവേറ്റ് ദക്ഷിണേന്ത്യൻ സിനിമാലോകം. ബുധനാഴ്ച വൈകിട്ട് പുറത്തുവന്ന, വിജയിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ ‘നോട്ട’യുടെ 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ ഏറെ കയ്യടി നേടുന്നത്.

ട്രെയിലറിനു മുന്നോടിയായാണ് ഇപ്പോൾ ‘നോട്ട’യുടെ ‘സ്നീക്ക്- പീക്ക്’ വീഡിയോ പുറത്തുവന്നിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ ഏറെ മുന്നിലാണ് ഈ വീഡിയോ. പൊളിറ്റിക്കൽ ത്രില്ലറാണ് ‘നോട്ട’.

30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിജയിന്റെ രണ്ടു വേഷപകർച്ചകൾ കാണാം. പബ്ബിൽ ഡാൻസ് ചെയ്യുകയും പെൺകുട്ടിയെ ഉമ്മവയ്ക്കുകയുമൊക്കെ ചെയ്യുന്ന ഒരു അലസ ചെറുപ്പക്കാരനായാണ് വീഡിയോയുടെ ആദ്യ പകുതിയിൽ വിജയിനെ കാണാൻ സാധിക്കുക. എന്നാൽ, വീഡിയോയുടെ അവസാനഭാഗത്ത് ഇതുവരെ കാണാത്തൊരു അവതാരരൂപത്തിലാണ് വിജയ് എത്തുന്നത്. ഗൗരവക്കാരനായ രാഷ്ട്രീയക്കാരനായി വിജയ് ആരാധകരെ അമ്പരപ്പിക്കുന്നു.

സെപ്തംബർ 6 ന് വൈകിട്ട് നാലു മണിയോടെ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ‘നോട്ട’ ടീം. സ്റ്റുഡിയോ ഗ്രീൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആനന്ദ് ശങ്കറാണ്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ മെഹ്റിൻ പിർസാദ ആണ് നായിക. സത്യരാജും നാസ്സറും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഒക്ടോബർ 4 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stay updated with the latest news headlines and all the latest Uncategorized news download Indian Express Malayalam App.

Web Title: Vijay deverakonda nota politician sneak peek video