ഷാങ്‌വോണ്‍: ഇന്തോനേഷ്യയിൽ നടന്ന 18-മത് ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങിൽ റെക്കോര്‍ഡോടെ ഇന്ത്യയ്ക്കായി സ്വര്‍ണം സമ്മാനിച്ച 16-കാരന്‍ സൗരഭ് ചൗധരി ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും നേട്ടം ആവർത്തിച്ചു. 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ ജൂനിയര്‍ തലത്തിലാണ് സൗരഭ് ചൗധരി റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
ജൂനിയര്‍ തലത്തില്‍ തന്റെ തന്നെ മുന്‍ റെക്കോര്‍ഡാണ് സൗരഭ് ലോകചമ്പ്യൻഷിപ്പിൽ മറികടന്നത് . 245.5 പോയിന്റുകളോടെയായിരുന്നു സൗരഭിന്റെ സ്വര്‍ണ നേട്ടം. ഈ വര്‍ഷം ജൂണിൽ ജര്‍മനിയില്‍ നടന്ന ജൂനിയര്‍ ലോകകപ്പില്‍ കുറിച്ച 218 പോയിന്റെന്ന സ്വന്തം റെക്കോര്‍ഡ് സൗരഭ് തിരുത്തിക്കുറിച്ചത്. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അര്‍ജുന്‍ സിങ്ങിനാണ് വെങ്കലം. കൊറിയയുടെ ലിം ഹോജിന്‍ വെള്ളിയും കരസ്ഥമാക്കി.
കൂടാതെ സൗരഭും അര്‍ജുനും അൻമോൾ ജെയ്‍നും ചേര്‍ന്ന സഖ്യം ടീം ഇനത്തില്‍ വെള്ളി മെഡലും കരസ്ഥമാക്കി. 1730 പോയിന്റുകൾ നേടിയാണ് ഇന്ത്യ ഈ ഇനത്തിൽ വെള്ളി നേടിയത്. 1732 പോയിന്റുകൾ നേടി കൊറിയ സ്വർണ്ണം നേടിയപ്പോൾ 1711 പോയിന്റുകൾ നേടി റഷ്യക്കാണ് വെങ്കലം.
നേരത്തെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോര്‍ഡോടെ സൗരഭ് സ്വര്‍ണം നേടിയിരുന്നു. 240.7 പോയിന്റുകളോടെയാണ് സൗരഭ് ഗെയിംസ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. സീനിയര്‍ താരങ്ങളോട് മത്സരിച്ചാണ് സൗരഭ് ദേശീയ തലത്തിലും ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും മെഡലുകളും റെക്കോർഡുകളും കരസ്ഥമാക്കുന്നത്.