കാസർഗോഡ്: കാസർഗോഡ് സർവ്വകലാശാലയിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വർഷ എംഎ ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫെയ്സ്ബുക്കിൽ വൈസ് ചാൻസിലർക്കെതിരെ പോസ്റ്റിട്ടു എന്നാരോപിച്ചായിരുന്നു വിദ്യാർത്ഥിയെ സർവ്വകലാശാലയിൽ നിന്ന് പുറത്താക്കിയത്. വിദ്യാർത്ഥി ഇപ്പോൾ കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറെ നാളുകളായി സർവ്വകലാശാലയിൽ പ്രശ്നങ്ങൾ നീറിപുകയുകയാണ്. വൈസ് ചാൻസിലറിനെതിരെ പോസ്റ്റിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത്. ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് പ്രവേശിക്കരുതെന്ന സർക്കുലർ സർവ്വകലാശാല അധികൃതർ പുറത്തിറക്കി. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു.

വിദ്യാർത്ഥിയെ തിരിച്ചെടുക്കണമെന്ന് അവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിൽ പി.കരുണാകരൻ എംപിയുടെ നേതൃത്വത്തിൽ കൂടിയ യോഗം സർവ്വകലാശാല തീരുമാനം പുനഃപരിശോധിക്കണമെന്ന് അവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ വിഷയം ചർച്ചക്കെടുക്കാൻ എക്സിക്യൂട്ടീവ് കൗൺസിൽ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിൽ സമരം തുടരാനാണ് തീരുമാനമെന്ന് എസ്എഫ്ഐ അറിയിച്ചു. ഇപ്പോൾ പ്രോ വൈസ് ചാൻസിലറെ പുറത്തിറങ്ങാൻ അനുവദിക്കാതെ സർവ്വകലാശാലയിൽ തടഞ്ഞുവച്ചിരിക്കുകയാണ് എസ്എഫ്ഐ. സർവ്വകലശാലയിൽ ഭൂരിഭാഗം തസ്തികകളിലും ആർഎസ്എസ് അനുകൂലികളെ നിയമിച്ചിരിക്കുകയാണെന്നും എസ്എഫ്ഐ ആരോപിക്കുന്നു

ദലിത് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത് മുതലാണ് യൂണിവേഴ്സിറ്റിയിൽ പ്രശ്നങ്ങൾ വഷളാകുന്നത്. ഒരു ഗ്ലാസ് പൊട്ടിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ നാഗരാജു എന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെതിരെ അദ്ധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണ് സർവ്വകലാശാല ചെയ്തതത്.

ദലിത് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച അദ്ധ്യാപകനും മനുഷ്യാവകാശ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത അദ്ധ്യാപകനും സർവ്വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. ഇംഗ്ലീഷ്- താരതമ്യ പഠനസാഹിത്യത്തിലെ പ്രസാദ് പന്ന്യനും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സിലെ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനുമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ദലിത് വിദ്യാര്‍ഥിയെ പിന്തുണച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടതിന് നേരത്തെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് പ്രസാദ് പന്ന്യനെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ 17ന് വൈസ് ചാന്‍സിലർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സര്‍വ്വകലാശാലയ്ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു, ഗുരുതരമായ പെരുമാറ്റ ദൂഷ്യം കാണിച്ചു എന്ന് മെമ്മോയില്‍ പറയുന്നു.

ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് കൂടിയായ പ്രോ വൈസ് ചാന്‍സിലര്‍ ഡോ.കെ.ജയപ്രസാദിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് കാസർഗോഡ് കേന്ദ്ര സര്‍വ്വകലാശാല എന്ന ആരോപണം ശക്തമാണ്. മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook