ന്യൂ ഡല്‍ഹി : ഫ്ലൈറ്റ് യാത്രയില്‍ കയ്യില്‍ കരുതുന്ന ബാഗുകള്‍ക്ക് ടാഗ് കെട്ടുകയുംഅച്ചുവെക്കുകയും ചെയ്യുന്ന സമ്പ്രദായം നാളെ  (ഏപ്രിൽ ഒന്ന് ) മുതൽ നിര്‍ത്തുന്നതായി  സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍  സെക്യൂരിറ്റി ഫോഴ്സ്  ( സി ഐ എസ്.എഫ്) അറിയിച്ചു.   ഏഴ് വിമാനത്താവളങ്ങളിലാണ്  നാളെ മുതൽ ഇത് നടപ്പാക്കി തുടങ്ങുക. ഡല്‍ഹി, ബോംബെ ,ബെംഗലൂരു, ഹൈദരബാദ്, കൊല്‍ക്കത്ത, കൊച്ചി, അഹമദാബാദ് തുടങ്ങിയ എയര്‍പോര്‍ട്ടുകളിലാണ് ഈ തീരുമാനം ഏപ്രിൽ ഒന്ന് മുതൽ  പ്രാബല്യത്തില്‍ വരുന്നത്.

നേരത്തെ, ഡിസംബറില്‍ ചേര്‍ന്ന ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്ററിയുടെയും  , ബ്യൂറോ  ഓഫ് സിവില്‍ ഏവിയേഷന്റെയും യോഗങ്ങള്‍ ഈ തീരുമാനം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിനു മുന്നെയായി ആവശ്യമായ  സുരക്ഷാ സംവിധാനം ഉറപ്പുവരുത്തണം എന്ന സി.ഐ.എസ്.എഫിന്‍റെ വാദത്തെ തുടര്‍ന്നാണ്‌  തീരുമാനം ഏപ്രില്‍ വരെ നീണ്ടുപോയത്.

“ഏപ്രില്‍ ഒന്ന് മുതല്‍ ഏഴു എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ ബാഗുകള്‍ക്ക് ടാഗ് വെക്കുന്ന സമ്പ്രദായം നിര്‍ത്തലാകും. യാത്രക്കാര്‍ക്ക് സൌകര്യപ്രദമാവും സൌഹൃദപരവും ആവുന്നതരത്തില്‍ സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.” സി ഐ​എസ് എഫ് ഡയറക്ടർ ജനറൽ​ ഒ​ പി സിംഗ് പറഞ്ഞു.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിഞ്ഞ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ് ഇത്തരം ഒരു തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്ന വഴി സി.ഐ.എസ്.എഫ് ഉദ്ദേശിക്കുന്നത് ഡയറക്ടര്‍ ഒ.പി.സിംഗ് പി.ടി.ഐ യോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ