തൊടുപുഴ: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന മൂന്നാര്‍-മറയൂര്‍ റൂട്ടിലെ താല്‍ക്കാലിക പാലത്തിന്‍റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കും. ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ പാലം തകർന്നിരുന്നു. അതിനു ശേഷം നിർമ്മിച്ച താൽക്കാലിക പാലം ഗജ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി മൂന്നാര്‍-ഉടുമല്‍പേട്ട് പാതയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

പെരിയവരയിൽ നിർമ്മിച്ച താൽക്കാലിക പാലം

ഓഗസ്റ്റ് 15 ലെ പ്രളയത്തിലാണ് മൂന്നാറിനു സമീപമുള്ള പെരിയവരയിലെ പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. തുടര്‍ന്ന് നീലക്കുറിഞ്ഞി പൂക്കാലം മുന്നില്‍ക്കണ്ട് പൈപ്പുകള്‍ നിരത്തി അടിയന്തിരമായി താല്‍ക്കാലിക പാലം പുനര്‍നിര്‍മിക്കുകയായിരുന്നു. ഒരു കോടിയോളം രൂപ മുടക്കി നിര്‍മിച്ച പാലം സെപ്റ്റംബര്‍ ഒമ്പതിനാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാല്‍ കനത്തമഴയില്‍ കന്നിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ പാലം ഒലിച്ചുപോവുകയായിരുന്നു.അതേസമയം പ്രളയത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്ന മൂന്നാറിലെ ടൂറിസം മേഖല നേരിട്ട ശക്തമായ പ്രഹരമായിരുന്നു ഗജ ചുഴലിക്കാറ്റ്. കനത്ത നാശനഷ്ടമാണ് ഗജ മൂന്നാറിൽ വിതച്ചത്.കനത്ത മഴയില്‍ പെരിയവര പാലം തകരുകയും മാട്ടുപ്പെട്ടിക്ക് സമീപം മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു. പഴയ മൂന്നാര്‍ വീണ്ടും വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.

മൂന്നാറിലെ ടൂറിസം മേഖലയ്ക്കേറ്റ ശക്തമായ ആഘാതമായി ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെന്ന് മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി ജോര്‍ജ് പറയുന്നു. പല സഞ്ചാരികളും മൂന്നാറിലേക്കുള്ള ബുക്കിംഗുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്, ഇത് മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്, ജോര്‍ജ് വ്യക്തമാക്കുന്നു. ഇതോടൊപ്പം തുടര്‍ച്ചായായി ഉണ്ടാകുന്ന ഹര്‍ത്താലുകളും ഹര്‍ത്താല്‍ ദിനത്തില്‍ വിനോദ സഞ്ചാരികള്‍ക്കു നേരേ ആക്രമണമുണ്ടാകുന്നതും ടൂറിസം മേഖലയ്ക്ക് ഇരട്ടിപ്രഹരമായി മാറുകയാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. തേക്കടിയില്‍ ബൈക്കില്‍ സഞ്ചരിച്ച വിദേശ സഞ്ചാരികളെ ഒരു വിഭാഗം കല്ലെറിഞ്ഞപ്പോള്‍ മൂന്നാറിലും സഞ്ചാരികള്‍ക്കു നേരേ ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങള്‍ മൂലം പല ട്രാവല്‍ ഗ്രൂപ്പുകളും മൂന്നാറും തേക്കടിയും പോലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകേണ്ടിയിരിക്കുന്നു, വി.വി ജോര്‍ജ് പറയുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ സഞ്ചാരികളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മൗന ജാഥ നടത്തി. അപ്രഖ്യാപിത ഹര്‍ത്താല്‍ ഉപേക്ഷിക്കുക ,ഹര്‍ത്താലില്‍ നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഒഴിവാക്കുക ,ഹര്‍ത്താലിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് എതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തേക്കടി ടൂറിസം കോ-ഓഡിനേഷന്‍ കമ്മറ്റി ചൊവ്വാഴ്ച കുമളിയില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ