കൊച്ചി: പ്രോ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസിന് തുടർച്ചയായ അഞ്ചാം ജയം. അഹമ്മദാബാദ് ഡിഫൻഡേഴ്സിനെയാണ് പ്രഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ കോഴിക്കോട് കീഴടക്കിയത്. ഒന്നിനെതിരെ നാല് സെറ്റുകൾക്കാണ് കോഴിക്കോടിന്റെ ജയം. ആദ്യ സെറ്റ് നേടിയ കോഴിക്കോട് രണ്ടാം സെറ്റ് നഷ്ടപ്പെടുത്തുകയും പിന്നീടുള്ള മൂന്ന് സെറ്റുകളും തൂത്തുവാരി അഞ്ചാം ജയം ആഘോഷിക്കുകയും ചെയ്തു.

പ്രഥമ പ്രോ വോളിബോൾ ലീഗിൽ തോൽവിയറിയാതെ സെമിയിലെത്തിയ ഏക ടീമാണ് കോഴിക്കോട് ഹീറോസ്. കളിച്ച എല്ലാ മത്സരത്തിലും കോഴിക്കോടിന്റെ സർവ്വാധിപത്യമായിരുന്നു. മത്സരത്തിൽ 14 പോയിന്റ് നേടിയ പോൾ ലോട്മാനാണ് കളിയിലെ താരം.

സ്കോർ: 15-14, 11-15, 15-11, 15-9, 15-8

ആവേശത്തിരയിളക്കിയ കാണികൾക്ക് മുന്നൽ അലസരായ കളിക്കാരായിരുന്നു ആദ്യ സെറ്റിന്റെ തുടക്കത്തിൽ. സ്ലോവക്യൻ താരം നോവിക്ക ബെജ്‌ലിക്കയുടെ ബ്ലോക്കിൽ ആദ്യം അക്കൗണ്ട് തുറന്നത് അഹമ്മദാബാദായിരുന്നു. അമേരിക്കൻ താരം പോൾ ലോട്മാന്റെ സ്‌പൈക്കായിരുന്നു കോഴിക്കോടിന്റെ മറുപടി. പിന്നീട് ഇരു ടീമുകളും പോയിന്റ് നേടി ഒരേപോലെ മുന്നേറി. ആദ്യ ഇടവേളയ്ക്ക് മുമ്പ് നായകൻ ജെറോം വിനീത് തുടർച്ചയായി നേടിയ പോയിന്റുകൾ കോഴിക്കോടിനെ മുന്നിലെത്തിച്ചു. സൂപ്പർ പോയിന്റുൾപ്പടെ നേടി മന്ദീപ് അഹമ്മദാബാദിന്റെ രക്ഷയ്ക്കെത്തിയതോടെ വീണ്ടും ഒപ്പത്തിനൊപ്പം (13-13). അജിത് ലാൽ കോഴിക്കോടിന് വേണ്ടിയും വൈഷ്ണവ് അഹമ്മദാബാദിന് വേണ്ടിയും ഓരോ പോയിന്റ് നേടിയതോടെ മത്സരം അവേശകരമായ അന്ത്യത്തിലേയ്ക്ക് (14-14). എന്നാൽ സെറ്റിൽ കോഴിക്കോടിന് വേണ്ടി ആദ്യ പോയിന്റ് നേടിയ പോൾ ലോട്മാൻ തന്നെ മത്സരം അവസാനിപ്പിച്ചു, ആദ്യ സെറ്റ് കോഴിക്കോടിന്.

ആദ്യ സെറ്റ് നേടിയ ആത്മവിശ്വാസത്തിലിറങ്ങിയ കോഴിക്കോട് കാർത്തിക്കിലൂടെ ആദ്യ പോയിന്റ് സ്വന്തമാക്കി. മന്ദീപ്-വൈഷ്ണവ് സഖ്യം അഹമ്മദാബാദിന് ലീഡ് സമ്മാനിച്ചു (4-2). ലോട്മാന്റെ രക്ഷാദൗത്യവും ഫലം കാണാതെ വന്നതോടെ ആദ്യ ഇടവേളയ്ക്ക് മുമ്പ് അഹമ്മദാബാദ് ലീഡ് 6-8ൽ എത്തിച്ചു. സൂപ്പർ പോയിന്റിലൂടെയും കോഴിക്കോടിന് ലീഡെടുക്കാൻ കഴിയാതെ വന്നതോടെ അഹമ്മദാബാദ് വിജയത്തിലേയ്ക്ക് കുതിച്ചു. 15-11 ന് രണ്ടാം സെറ്റ് സ്വന്തമാക്കി അഹമ്മദാബാദ് മത്സരത്തിൽ കോഴിക്കോടിനൊപ്പമെത്തി.

മൂന്നാം സെറ്റിലും അഹമ്മദാബാദ് ആധിപത്യം തുടന്നു. കോഴിക്കോട് നായകൻ ജെറോം വിനീതും കാർത്തിക്കും വരുത്തിയ പിഴവിൽ അഹമ്മദാബാദ് മുന്നിലെത്തി. കൃത്യമായ ഇടവേളകളിൽ പോയിന്റ് വീഴ്ത്തി കോഴിക്കോട് ഒപ്പമെത്തി. അതേസമയം സ്കോർ 7-6ൽ നിൽക്കെ റഫറിയോട് തർക്കിച്ചതിന് അഹമ്മദാബാദിന്റെ വിദേശതാരം ബെജ്‌ലിക്കയ്ക്ക് മഞ്ഞകാർഡ് വിധിച്ചതായിരുന്നു മൂന്നാം സെറ്റിലെ മറ്റൊരു നിർണായക സംഭവം. ലീഗിൽ ആദ്യമായാണ് ഒരു താരത്തിനെതിരെ മഞ്ഞ കാർഡ് ഉയർത്തുന്നത്. പിന്നീട് പോയിന്റ് റാലിയായി നീങ്ങി (10-10). കാർത്തിക് നേടിയ നിർണായക ലീഡും ലോട്മാന്റെ സൂപ്പർ പോയിന്റും കോഴിക്കോടിനെ മത്സരത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. അജിത് ലാലിന്റെ ഫിനിഷിങ്ങിൽ 15-11 ന് മൂന്നാം സെറ്റ് നേടി കോഴിക്കോട് ഒരിക്കൽ കൂടി മുന്നിലെത്തി.

നാലാം സെറ്റിന്റെ തുടക്കത്തിൽ കണ്ടത് നെറ്റിന് മറുവശത്ത് കാർത്തിക്കും ലോട്മാനും തീർത്ത പ്രതിരോധത്തിൽ പോയിന്റുകൾ നേടുന്ന കോഴിക്കോടിനെ. എതിരാളികൾക്ക് തൊടാൻ പറ്റാതെ പോയ അജിത് ലാലിന്റെ മിന്നൽ സ്മാഷുകളും കൂടിയായതോടെ കോഴിക്കോടിന് 5-0. തകർപ്പൻ ഫോമിലേയ്ക്ക് ഉയർന്ന് കോഴിക്കോട് പോൾ ലോട്മാന്റെ സൂപ്പർ സെർവിൽ ലീഡ് 8-1 ആക്കി ഉയർത്തി. സൂപ്പർ പോയിന്റ് ഒപ്പമെത്താൻ അഹമ്മദാബാദ് ശ്രമിച്ചെങ്കിലും ഗ്യാലറി ഇളക്കിമറിച്ചെത്തിയ കാണികളുടെ ഉർജ്ജത്തിൽ കോഴിക്കോട് കുതിച്ചു. ഇലൗനിയും വിപുലും താളം കണ്ടെത്തിയതോടെ അതിവേഗം വിജയത്തിലേയ്ക്ക് കുതിച്ച കോഴിക്കോട് 15-9ന് നാലാം സെറ്റും മത്സരവും സ്വന്തമാക്കി.

അവസാന സെറ്റിൽ അനായാസ ജയം പ്രതീക്ഷിച്ച കോഴിക്കോടിനെ ഞെട്ടിച്ച് ആദ്യ പോയിന്റ് അഹമ്മദാബാദിന്. അജിത് ലാലിന്റെ സ്മാഷും കാർത്തിക്കിന്റെ ബ്ലോക്കും കോഴിക്കോടിനെ മുന്നിലെത്തിച്ചതോടെ അവസാന സെറ്റിലും കോഴിക്കോട് ജയം മുന്നിൽ കണ്ടു. അജിത് ലാൽ തന്നെയായിരുന്നു കോഴിക്കോടിന്റെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയതും. നായകൻ ജെറോം വിനീത് നേടിയ സൂപ്പർ പോയിന്റും സൂപ്പർ സെർവും അഞ്ചാം സെറ്റിൽ 15-8ന്റെ ജയമാണ് കോഴിക്കോടിന് നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook