ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പി.എം.നരേന്ദ്ര മോദി’ ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും. സിനിമയുടെ നിര്‍മ്മാതാവ് സന്ദീപ് സിംഗാണ് സിനിമയുടെ പുതുക്കിയ റിലീസ് തീയതി ട്വിറ്ററിലൂടെ അറിയിച്ചത്. ഏപ്രില്‍ അഞ്ചിന് സിനിമ റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, സാങ്കേതിക പ്രശനങ്ങള്‍ മൂലം റിലീസ് തീയതി മാറ്റുകയായിരുന്നു. സിനിമയില്‍ മോദിയായി അഭിനയിക്കുന്ന വിവേക് ഒബ്റോയി ട്വിറ്ററിലൂടെ എല്ലാവര്‍ക്കും നന്ദി അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും വിവേക് ഒബ്റോയി ട്വിറ്ററില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് ആരംഭിക്കും മുന്‍പ് സിനിമ തിയറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് വേണ്ടെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.