ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച് പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവ്. ഭരണപക്ഷമായ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവാണ് ചാനല്‍ ചര്‍ച്ചക്കിടയില്‍ പാനലിസ്റ്റായ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചതെന്ന് ജേര്‍ണലിസം പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മസ്‌റൂര്‍ അലി സിയാൽ എന്ന പിടിഐ നേതാവ് ഇംതിയാസ് ഖാന്‍ എന്ന മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചത്. പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. കറാച്ചി പ്രസ് ക്ലബ് പ്രസിഡന്റാണ് ഇംതിയാസ് ഖാന്‍. മസ്‌റൂര്‍ അലി ഇംതിയാസ് ഖാനെ തറയിലേക്ക് തള്ളിയിടുന്നതും ശേഷം മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് മറ്റുള്ളവര്‍ ചേര്‍ന്നാണ് രണ്ട് പേരെയും ശാന്തമാക്കിയത്.

തര്‍ക്കത്തിനിടയില്‍ രണ്ട് പേരും നിലത്ത് വീഴുന്നുണ്ട്. ചുറ്റിലുമുള്ളവര്‍ പിന്നീട് ഇരുവരെയും പിടിച്ചുനീക്കി. അതിനു ശേഷം വീണ്ടും ചര്‍ച്ച തുടരുന്നുണ്ട്. ഇരുവരും പഴയപടി തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook