മനാമ: 2016ല്‍ നിയമലംഘനം നടത്തിയവരില്‍ നിന്ന് പിഴയായും ജാമ്യ തുകയായും 3.5 ദശ ലക്ഷം ദിനാറിലേറെ ഈടാക്കിയതായി ജനറല്‍ അറ്റോര്‍ണി ഡോ. അലി അല്‍ ബുഐനൈന്‍ അറിയിച്ചു.

2016ലെ പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തൊട്ടു മുമ്പത്തെ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. 2015ല്‍ 1,22,645 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തതെങ്കില്‍ 2016ല്‍ അത് 1,17,790 ആയി കുറഞ്ഞു. ഏകദേശം 5,000 ത്തോളം കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്.

2016ല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളും നടന്നത് ക്യാപിറ്റല്‍ ഗവര്‍ണറ്റിലാണ്. 28,449 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. നോര്‍ത്തേണ്‍ ഗവര്‍ണറ്റില്‍ 15,984ഉം സതേണ്‍ ഗവര്‍ണറ്റില്‍ 12,071ഉം മുഹറഖ് ഗവര്‍ണറ്റില്‍ 9,837ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളായ 400 കേസുകളും കുട്ടികള്‍ ഇരകളായ 677 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞു.

ബിലാദ് അല്‍ ഖദീമില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫസ്റ്റ് ലഫ്റ്റനന്റ് ഹിഷാം ഹസ്സന്‍ മുഹമ്മദ് അല്‍ ഹമ്മദി വെടിയേറ്റ് മരിച്ചതും കഴിഞ്ഞയാഴ്ച ദിറാസിലുണ്ടായ വെടിവയ്പ്പില്‍ ഒരു യുവാവിന് പരിക്കേറ്റതും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ