മുംബൈ: സിനിമയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ട്രെയിൻ യാത്രക്കിടെ ഉണ്ടായ പ്രശ്നത്തെ തുടർന്ന് ഷാരൂഖ് ഖാനെതിരെ പൊലീസ് കേസെടുത്തു. ഷാരൂഖിന്റെ യാത്രയ്ക്കിടെ തനിക്ക് നഷ്ടമുണ്ടായെന്ന് കാണിച്ച് സ്റ്റാള്‍ ഉടമ നല്‍കിയ പരാതിയിലാണ് റെയില്‍വെ പൊലീസ് നടപടി.

ലഹളയുണ്ടാക്കുക, നിയമവിരുദ്ധമായി സംഘം ചേരുക, പൊതുമുതൽ നശിപ്പിക്കുക റെയിൽവേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഷാരൂഖിനെതിരെ ചുമത്തിയിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചാരണാർഥം മുംബൈയിൽ നിന്നും ന്യൂഡൽഹി വരെ ജനുവരിയില്‍ ഷാരുഖ് ട്രെയിൻ യാത്ര നടത്തിയിരുന്നു. യാത്രയ്ക്കെത്തിയ താരത്തെ കാണാൻ എത്തിയ വൻ ജനാവലി കോട്ട റെയില്‍വെ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നു.

ഈ തിരക്കിൽ തന്റെ കടയ്ക്ക് നാശനഷ്ടങ്ങളുണ്ടായെന്നും അവിടെ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ടുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും കാണിച്ച് കോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റാൾ നടത്തുന്ന വിക്രം സിങ് എന്നയാളുടെ പരാതിപ്രകാരമാണ് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ പൊലീസ് ഷാരൂഖിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ