കൊച്ചി: വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്ക് എത്രവര്‍ഷത്തെ പഴക്കമുണ്ടെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. 1972 ല്‍ മാത്രമാണ് നിയമം മൂലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളതെന്നും അതിനു മുമ്പ് സ്ത്രീ ഭക്തര്‍ സുഗമമായി ശബരിമലയില്‍ പോയ്‌ക്കൊണ്ടിരുന്നതാണെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു. ചില പുരുഷഭക്തന്മാര്‍ക്കുണ്ടായ എതിര്‍പ്പില്‍ നിന്നായിരുന്നു ആ വിലക്കെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

‘ശബരിമലയിലെ ‘അതി പുരാതന’ പാരമ്പര്യത്തിന് എത്ര കാലത്തെ പഴക്കമുണ്ട് ? ശബരിമലയിലെ സ്ത്രീപ്രവേശനം നിയമപ്രകാരം തടയുന്നത് 1972ലാണ്. പുരുഷന്മാരായ ചില ഭക്തന്മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് കൊണ്ടാണത്. അതിന് മുന്‍പ് സ്ത്രീകള്‍ പ്രാര്‍ത്ഥനയ്ക്കായി അവിടെ പോവാറുണ്ടായിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡ് നിര്‍മിച്ചതോടെ അത് വര്‍ദ്ധിക്കുകയും ചെയ്തു’ എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്യുന്നു.

നിയമം മൂലം പാസാക്കിയെങ്കിലും കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. 1986ല്‍ ശബരിമലയില്‍ ഷൂട്ട് ചെയ്ത ഒരു തമിഴ് സിനിമയില്‍ നായിക പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങിനായി ദേവസ്വം ബോര്‍ഡ് വാങ്ങിയത് 7500 രൂപയാണ്. അത് കഴിഞ്ഞാണ് സ്ത്രീപ്രവേശനം തടയണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി വരുന്നത്. 10 മുതല്‍ 50വരെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തഴഞ്ഞുകൊണ്ട് 1990ല്‍ കോടതി വിധി പറഞ്ഞു. അതാണ് നിരോധനത്തിന്റെ പഴക്കമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ ശബരിമലയില്‍ ചിത്രീകരിച്ച ഗാനത്തിന്റെ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.1986ല്‍ ഇറങ്ങിയ ‘നമ്പിനാല്‍ കെടുവതില്ലൈ എന്ന ചിത്രത്തിലേതാണ് നായിക പതിനെട്ടാം പടിയില്‍ പാട്ടുപാടുന്ന രംഗം. നായികയുടെ പേര് ജയശ്രീ. സിനിമയില്‍ രണ്ട് നായികമാരുണ്ട്. ജയശ്രീയും സുധാചന്ദ്രനും. സുധാചന്ദ്രന്‍ സന്നിധാനത്ത് നില്‍ക്കുന്ന നിരവധി രംഗങ്ങളുമുണ്ട് ചിത്രത്തില്‍.

വിശ്വാസങ്ങളെ കുറിച്ച് സംസാരിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിട്ടുപോയ മറ്റൊരു സുപ്രധാന പോയന്റ് ഉണ്ട്. ഒരു കോടതി ഏര്‍പ്പെടുത്തിയ നിരോധനത്തെ പരമോന്നത കോടതിക്ക് തടയാം എന്നതാണത്. രാത്രി 10:55ന് ഹരിവരാസനം ചൊല്ലുക എന്നതും ഏറെ പഴയൊരു ആചാരമാണ്. 1955ലാണ് ഇത് ആരംഭിക്കുന്നത്. പ്രഗത്ഭ സംഗീതജ്ഞനായ ദേവരാജന്‍ മാസ്റ്ററാണ് ഇതിന് ഈണം നല്‍കിയതെന്നാണ് എന്‍എസ് മാധവന്റെ മറ്റൊരു ട്വീറ്റ്.

എന്നാല്‍ ചില കാര്യങ്ങളില്‍ സംസ്‌കാരം ബാധകമല്ല. അതിലൊന്ന് ബ്രാഹ്മണന്മാരായ തന്ത്രി കുടുംബമാണ്. അവര്‍ക്ക് ക്ഷേത്രത്തിന്റെ എല്ലാ കാര്യത്തിലും ഒരു വാക്കുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റൊരു ഈഴവ കുടുംബവുമുണ്ട്. അയ്യപ്പന്‍ ആയോധനകലകള്‍ പഠിച്ചത് അവരില്‍ നിന്നാണ് എന്നാണ് കഥ. ക്ഷേത്രത്തിലെ വെടിവഴിപ്പാട് നടത്തിക്കൊണ്ടിരുന്നത് അവരാണ്. തിരുവനതപുരം ദേവസ്വം ബോര്‍ഡ് യാതൊരു കാരണവുമില്ലാതെ അത് അവരില്‍ നിന്ന് തടയുന്നതും ലേലത്തിന് നല്‍കുന്നതും ഈയടുത്താണ്. ലിംഗപരം മാത്രമല്ല അതിന് ജാതിപരമായ ആഖ്യാനവും ഉണ്ടെന്നും എന്‍എസ് മാധവന്‍ പറയുന്നു.

1991ല്‍ കേരള ഹൈക്കോടതി നടത്തിയ വിധിയില്‍ 1939ല്‍ തിരുവിതാംകൂര്‍ രാജ്ഞി നടത്തിയ ശബരിമല സന്ദര്‍ശനത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന ചോറൂണ്ണ് ചടങ്ങുകളിലും സ്ത്രീകള്‍ സംബന്ധിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. പ്രതിഷ്ഠയ്ക്ക് മുന്നില്‍ ആചാരം നടന്നുകൊണ്ടിരിക്കുന്നതായ ഇടത്ത് കൊടിമരം നാട്ടിക്കൊണ്ടാണ് സമര്‍ത്ഥനായ തന്ത്രി അത് നിര്‍ത്തലാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook