കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ.മാണി യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. നിഷ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നിഷ സ്ഥാനാര്‍ഥിയായാല്‍ പിന്തുണക്കുമെന്ന് പി.ജെ.ജോസഫ് പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാകാനുള്ള സാധ്യതയാണ് കാണുന്നത്. നിഷയെ സ്ഥാനാര്‍ഥിയായി യുഡിഎഫ് നിര്‍ദേശിച്ചാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് പി.ജെ.ജോസഫ് ഇന്ന് ഉന്നാധികാര സമിതിക്ക് ശേഷം പറഞ്ഞത്. കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗമാണ് കൊച്ചിയില്‍ ഇന്ന് യോഗം ചേര്‍ന്നത്.

Read Also: ‘അങ്ങനെ ചെയർമാനാകേണ്ട’; ജോസ്.കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിന് സ്റ്റേ

എന്നാല്‍, ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ജോസഫ്. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി സി.എഫ്.തോമസ് വേണമെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്. സി.എഫ്.തോമസ് ചെയര്‍മാന്‍ ആകും എന്നും കോടതിയിലെ കേസിന് ശേഷമായിരിക്കും പ്രഖ്യാപനമെന്നും ജോസഫ് പറഞ്ഞു.

ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് കോടതി നേരത്തെ തടഞ്ഞിരുന്നു. തൊടുപുഴ മുൻസിഫ് കോടതിയാണ് സ്റ്റേ അനുവദിച്ചത്. ചെയർമാനെ തിരഞ്ഞെടുത്തതിനും തൽസ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. ജോസ്.കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജിയിലാണ് കോടതി വിധി. കോട്ടയത്ത് ജോസ് കെ.മാണി വിളിച്ചു ചേർത്ത യോഗത്തിലെ മുഴുവൻ നടപടികളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ ജോസ് കെ.മാണിക്ക് ചെയർമാന്റെ ഓഫീസും ഉപയോഗിക്കാൻ സാധിക്കില്ല.

Read Also: ആത്മവിശ്വാസത്തോടെ ബിജെപി; യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ഗൗഡ

സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം വർക്കിങ് ചെയർമാനായ പി.ജെ.ജോസഫിനാണന്നും വർക്കിങ് ചെയർമാന്റെ അംഗീകാരമില്ലാതെ നടന്ന യോഗം അനധികൃതമാണന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. റിട്ടേണിങ് ഓഫിസറുടെ നിയമനത്തിന് വർക്കിങ് ചെയർമാന്റെ അംഗീകാരമില്ലെന്നും മുഴുവൻ യോഗ നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ ഹർജിയിൽ പറയുന്നു.

സംസ്ഥാന കമ്മിറ്റിയിലാണ് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിൻതാങ്ങി. യോഗത്തിൽ സി.എഫ്.തോമസ് പങ്കെടുത്തില്ല.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook