റാഫേൽ ഇടപാടിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഹിന്ദുസ്ഥാൻ എയറനോട്ടിക്സിന് വേണ്ടി കോൺഗ്രസ് മുതലകണ്ണിരൊഴുക്കുകയാണെന്ന് അവർ പറഞ്ഞു. പ്രതിരോധ ഇടപാടുകൾ അവതാളത്തിലാക്കിയത് യുപിഎ സർക്കാരാണെന്നും അവർ ആരോപിച്ചു. വ്യോമസേന പരിമിതികൾ കൊണ്ട് ബുദ്ധിമുട്ടിയപ്പോഴും അതൊന്നും പരിഗണിക്കാതെ പാർട്ടിക്ക് സാമ്പത്തികനേട്ടമുണ്ടാക്കാൻ കഴിയാത്തതിനാൽ ഇടപാട് യുപിഎ സർക്കാർ നിർത്തിവെച്ചെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു.

റഫേല്‍ ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത് നിരാശമൂലമാണെന്നും നിര്‍മ്മല സീതാരാമന്‍. നാല് വര്‍ഷം സര്‍ക്കാരിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയാത്ത നിരാശയാണ് കോണ്‍ഗ്രസിനെന്നും ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ അവര്‍ പറഞ്ഞു. സഭയിൽ തമാശ പറഞ്ഞ് രസിപ്പിക്കാൻ എല്ലാവർക്കും കഴിയുമെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് അവർ പറഞ്ഞു.

ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡിന് വേണ്ടി കോണ്‍ഗ്രസ് മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. എന്തുകൊണ്ടാണ് യുപിഎ ഭരണകാലത്ത് ഇടപാട് പൂർത്തിയാക്കാത്തതെന്നും അവർ ചോദിച്ചു. 126 ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിൽ നിന്നും കേന്ദ്ര സർക്കാർ 36 എണ്ണമായി കുറച്ചെന്ന് പറഞ്ഞ് കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും യുപിഎ സര്‍ക്കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചത് 18 വിമാനങ്ങള്‍ മാത്രമാണ്. ഇത് 36 ആക്കി ഉയര്‍ത്തുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത്.

പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുകയെന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. കോണ്‍ഗ്രസ് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തു. വിമാനം വാങ്ങാന്‍ പണം എവിടെയെന്ന് അന്നത്തെ പ്രതിരോധമന്ത്രി ചോദിച്ചിരുന്നു. പ്രതിരോധ ഇടപാടുകളും പ്രതിരോധത്തിലെ ഇടപാടുകളും രണ്ടാണ്. ഞങ്ങൾ ചെയ്യുന്നത് പ്രതിരോധ ഇടപാടാണെന്നും അവർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ