കോഴിക്കോട്: നിപ്പ വൈറസ് ബാധയാണെന്ന ആശങ്ക പടർന്ന കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കണ്ടെത്തിയത് പകർച്ചപ്പനിയാണെന്ന് ആരോഗ്യവകുപ്പ്. ഇത് നിപ്പ വൈറസല്ലെന്നും  പേടിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര പ്രദേശങ്ങളാകെ പനി പിടിയിലായിക്കഴിഞ്ഞു. താമരശ്ശേരി, തിരുമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, പുതുപ്പാടി, കോടഞ്ചേരി പ്രദേശങ്ങളിലാണ് പനി കൂടുതലായി കാണുന്നത്. നിപ വൈറസ് മൂലം പേരാമ്പ്രയില്‍ നാലുപേര്‍ മരിച്ച സാഹചര്യത്തില്‍ ഇവിടങ്ങളിലെ ജനങ്ങളാകെ  ആശങ്കയിലാണ്.

ഈ സാഹചര്യത്തിലാണ് കോഴിക്കോടുളള ആരോഗ്യവകുപ്പിലെ വിദഗ്ദ്ധ സംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചപ്പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍‍ പറഞ്ഞു.

കൂടുതലാളുകളിലും ഡെങ്കിപ്പനിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് പനിക്ക് കാരണമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. അതേസമയം ഈ മേഖലകളിൽ  ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രഥമിക പഠനത്തില്‍ പനി ബാധിച്ച കൂടുതല്‍ പേര്‍ക്കും ഡെങ്കിപനിയാണന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ പനിയാണെങ്കില്‍ പോലും സ്വയം ചികിത്സിക്കാതെ ആശുപത്രികളിലെത്തണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.  കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 9 മണി മുതൽ 6 മണി വരെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 9 മുതൽ 2 മണി വരെയുമാണ് ഓപികള്‍ പ്രവര്‍ത്തിക്കുക.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook