പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ കെട്ടിയ സമരപ്പന്തലില്‍ നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയും മാറി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ആരംഭിക്കുകയും പൊലീസ് ലാത്തി വീശുകയും ചെയ്തതിന് പിന്നാലെയാണ് ഇരുവരും അവിടെ നിന്നും മാറിയത്.

നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ലാത്തി വീശിയും മറ്റും പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെയും കമാന്റോകളെയും സ്ഥലത്തെത്തിക്കാന്‍ തീരുമാനമായി. ഇതിന് പിന്നാലെയാണ് നേതാക്കള്‍ സമരപ്പന്തലില്‍ നിന്ന് മാറിയത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമം. നിലയ്ക്കലില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായ രീതിയില്‍ ആക്രമണം ഉണ്ടായി. ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്മാരെയും ആക്രമിച്ചു. വനിത മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. ക്യാമറകളും ചാനലുകാരുടെ വാഹനങ്ങളും അക്രമികള്‍ അടിച്ചുതകര്‍ത്തു.

ശബരിമലയില്‍ സുപ്രീം കോടതി വിധി അനുസരിച്ച് ദര്‍ശനത്തിന് എത്തിയ സ്ത്രീകളെ പ്രതിഷേധക്കാര്‍ മടക്കി അയച്ചു. ചേര്‍ത്തലയില്‍നിന്നും ദര്‍ശനത്തിനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ തടഞ്ഞു. ഇവരെ പിന്നീട് പൊലീസെത്തി സ്റ്റേഷനിലെത്തിച്ചു. സുരക്ഷ ഒരുക്കാന്‍ പൊലീസ് തയ്യാറാകാത്തതോടെ ലിബി ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങി. ആന്ധ്രയില്‍നിന്നും എത്തിയ 40 കാരിയായ മാധവിക്കും ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല. കുടുംബത്തോടൊപ്പമാണ് മാധവി ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മാധവിയും കുടുംബവും മടങ്ങുകയായിരുന്നു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് പോകാനായി എത്തുന്നത്. ഇവരെയെല്ലാം പ്രതിഷേധക്കാര്‍ തടയുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook