ജിദ്ദ: രണ്ട് ലോകോത്തര ടീമുകൾ തമ്മിലുള്ള മത്സരത്തിന്റെ നിലവാരത്തിലേയ്ക്ക് ഒരിക്കൽ പോലും ഉയരാത്ത വിരസമായ കളിക്കൊടുവിൽ, ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ പരാജയപ്പെടുത്തി ബ്രസീൽ സൂപ്പർ ക്ലാസിക്കോ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലെ മൂന്നാം മിനിറ്റിൽ നെയ്മറെടുത്ത കോർണർ കിക്കിന് കൃത്യമായി തല വച്ചാണ് യാവോ മിറാൻഡ അർജന്റീനയുടെ വല ചലിപ്പിച്ചത് (1 -0 ).

ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽ ജൗഹറ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ വലിയൊരു പങ്ക് മലയാളികളടക്കമുള്ള ഇരു ടീമുകളുടെയും ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലായിരുന്നു 90 മിനിറ്റ് ഇഴഞ്ഞു നീങ്ങിയ ഇരു ടീമുകളുടെയും കളി. എങ്കിലും തങ്ങളുടെ ഇഷ്ടതാരങ്ങളായ നെയ്മറേയും, കുട്ടീഞ്ഞോ, റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ്, കാസിമിറോ, ഗോൾ കീപ്പർ അലിസൺ ബക്കർ തുടങ്ങിയവരെയെല്ലാം നേരിൽ കാണാനായതിന്റെ ആവേശത്തിലും, അർജന്റീനയെ പരാജയപ്പെടുത്തുന്നത് നേരിട്ട് കണ്ടതിന്റെ ആവേശത്തിലുമാണ് ബ്രസീൽ ആരാധകർ സ്പോർട്സ് സിറ്റി വിട്ടത്.

മെസിയും, അഗ്യൂറോയും, ഹിഗ്വയ്‌നും, ഡി മരിയയും അടക്കമുള്ള സൂപ്പർ താരങ്ങൾ ഒന്നുമില്ലെങ്കിലും പൗളോ ഡിബാലെയും, സെർജിയോ റൊമീറോയും, നിക്കോളാസ് ഒടൊമൻഡിയും, എയ്ഞ്ചൽ കോറിയയും, മൗറോ ഐകാർഡിയും അടക്കമുള്ള യുവ നിര ബ്രസീലിനോട് 90 മിനിറ്റും പിടിച്ചു നിന്നു എന്ന അവകാശവാദമുന്നയിച്ചാണ് അർജന്റീനൻ ആരാധകർ പിടിച്ചു നിന്നത്.

ജിദ്ദയിൽ നിന്ന് ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ അകലെ ദമാം അടക്കമുള്ള കിഴക്കൻ പ്രവിശ്യയിൽ നിന്നും, ആയിരം കിലോമീറ്റർ ദൂരമുള്ള റിയാദിൽ നിന്നുമൊക്കെ നിരവധി മലയാളികളാണ് തങ്ങളുടെ സ്വപ്ന ടീമുകളുടെ കളി നേരിൽ കാണാൻ ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലേയ്ക്ക് ചൊവ്വാഴ്ച ഉച്ചയോടു കൂടി തന്നെ ഒഴുകിയെത്തിയത്. ജിദ്ദയിലെ മലയാളികളിലെ കളിക്കമ്പക്കാർ കൂടി എത്തിയതോടെ കോഴിക്കോട്ടെയോ, മലപ്പുറത്തെയോ ഏതെങ്കിലും സ്റ്റേഡിയത്തിൽ കളി കാണാനിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഗ്യാലറികളിൽ മലയാളി സാന്നിധ്യം. 62,345 കാണികൾ മത്സരം കാണാനെത്തി എന്നാണ് സ്റ്റേഡിയം അധികൃതർ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പറയുന്നത്.

വാർത്ത: നാസർ കാരക്കുന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook