ന്യൂഡല്‍ഹി: കാർഷിക കടങ്ങൾ എഴുതി തള്ളാമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഉറപ്പിന് മുകളിൽ സമരത്തിൽ നിന്ന് കർഷകർ പിന്മാറി. കര്‍ഷകര്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമായത്. കാർഷിക കടങ്ങൾ എഴുതി തള്ളുന്ന കാര്യം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും യോഗത്തിൽ ധാരണയായി.

11 ദിവസമായി മഹാരാഷ്ട്രയിൽ കർഷകർ സമരത്തിലായിരുന്നു. കാർഷിക വായ്പകൾ എഴുതി തള്ളണമെന്ന ആവശ്യമാണ് കർഷകർ പ്രധാനമായും ഉന്നയിച്ചത്. സർക്കാർ നൽകിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ജൂണ്‍ 12 മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി.

വൈദ്യുതി സൗജന്യമാക്കുക, ഉൽപ്പന്നങ്ങൾക്ക് വിപണി വില ഉറപ്പുവരുത്തുക, കാർഷികാവശ്യത്തിനുള്ള ജലം ലഭ്യമാക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ സമരത്തിൽ പ്രധാനമായും ഉന്നയിച്ചിരുന്നത്.

മധ്യപ്രദേശിൽ കർഷക സമരം വെടിവയ്പ്പിൽ എത്തിയതോടെയാണ് മഹാരാഷ്ട്ര സർക്കാരും ഇതിൽ കടുത്ത നിലപാടിൽ നിന്ന് പിന്നോട്ട് പോയത്. പച്ചക്കറികളും പാലും അടക്കം ഉൽപ്പന്നങ്ങൾ റോഡില്‍ ഒഴുക്കിയും വലിച്ചെറിഞ്ഞുമാണ് മഹാരാഷ്ട്രയിൽ കർഷകർ സമരം നടത്തിയത്.

മധ്യപ്രദേശ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലും സമരം കൂടുതൽ ശക്തിയാർജ്ജിച്ചിരുന്നു. ഇതോടെയാണ് മഹാരാഷ്ട്ര സർക്കാർ സമരക്കാർക്ക് മുൻപിൽ മുട്ടുമടക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook