മലപ്പുറം: വിശ്വാസി അല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. സുന്നി ആരാധനലായങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടിയേരിയുടെ പരാമര്‍ശത്തിന് എതിരൊയിരുന്നു മജീദിന്റെ പ്രതികരണം. പള്ളികളെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ചു വയ്ക്കാനാണെന്നും കെപിഎ മജീദ് പ്രതികരിച്ചു. ‘വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരെയും ജനങ്ങൾക്ക് പോകാമെന്നും സർക്കാരും കോടതിയും വിശ്വാസ കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്നാണ് സിപിഎം നിലപാടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം. ‘മക്ക പള്ളിയിൽ സ്ത്രീ പ്രവേശനം നൽകുന്നുണ്ട്. ഹജ്ജിന് സ്ത്രീകൾ പോകുന്നുണ്ട്. സമുദായത്തിന് അകത്തുനിന്നുതന്നെ പുരോഗമന വീക്ഷണം ഉണ്ടാകണമെന്നും അദ്ദേഹം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ വിധി യുദ്ധം ചെയ്ത് നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത് കോടതിവിധി നടപ്പാക്കണമെന്നാണ് സി.പി.എം നിലപാടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ‘ശബരിമല വിധി സംബന്ധിച്ച് പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു അവ്യക്തതയും ആശയക്കുഴപ്പവുമില്ല. ഹിന്ദുത്വ വർഗീയവാദികളുടെ കൈയിൽ അകപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ രമേശ് ചെന്നിത്തല. പുരോഗമനപരവും മതനിരപേക്ഷവുമായ സമീപനം സ്വീകരിക്കേണ്ട ആളുകൾ എടുക്കേണ്ട സമീപനമല്ല കേരളത്തിലെ ഒരു വിഭാഗം വരുന്ന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘കോടതി വിധിയുടെ മറവിൽ കേരളത്തിൽ ഒരു കലാപം ഉണ്ടാക്കാൻ അനുവദിക്കില്ല. വിശ്വാസികളെ സർക്കാരിനെതിരായി തിരിച്ചുവിടാനുള്ള നീക്കത്തെ വിശ്വാസികളെ ഉപയോഗിച്ചുതന്നെ ചെറുക്കും. കോടതി വിധി നടപ്പാക്കുന്നതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടോ, അത് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപ്പാക്കാനുള്ള സഹകരണം തേടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook