കൊച്ചി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ പരീക്ഷയില്‍ കേരള ടോപ്പറായി വിഷ്ണു വിനോദ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജെഇഇ മെയിന്‍ പരീക്ഷാ ഫലം പുറത്ത് വന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആണ് പരീക്ഷ നടത്തിയത്.

കോട്ടയം മാന്നാനത്തെ എഇ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് വിഷ്ണു. പരീക്ഷയില്‍ 99.9990801 ശതമാനമാണ് വിഷ്ണുവിന്റെ മാര്‍ക്ക്. പിടി ഉഷയ്ക്ക് ഒളിമ്പിക് മെഡല്‍ നഷ്ടമായത് പോലെ കടുകിട വ്യത്യാസത്തിലാണ് വിഷ്ണുവിന് നൂറ് ശതമാനം നഷ്ടമായത്. കെമിസ്ട്രിയില്‍ മുഴുവന്‍ മാര്‍ക്കും നേടിയപ്പോള്‍ കണക്കിലും ഫിസിക്‌സിലും മാര്‍ക്ക് അല്‍പ്പമൊന്ന് കുറഞ്ഞതാണ് ഫുള്‍ ശതമാനം നഷ്ടമാക്കിയത്.

പക്ഷെ 100 ശതമാനം നഷ്ടമായതൊന്നും വിഷ്ണുവിന് വിഷമമായിട്ടില്ല. ഫലത്തില്‍ താന്‍ ഒരുപാട് സന്തുഷ്ടനാണെന്നും പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണെന്നും വിഷ്ണു പറയുന്നു. ” കോച്ചിങ് സെന്ററില്‍ സ്ഥിരമായി ടോപ്പ് ആവുന്നത് ഞാനായിരുന്നു. അതുകൊണ്ട് കേരളത്തിലും ടോപ്പര്‍ ആകണമെന്ന് ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം സഫലമായി. എനിക്ക് പഠിക്കുന്നത് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് കണക്കും കെമിസ്ട്രിയും ഫിസിക്‌സും. പഠനം എനിക്കൊരിക്കലും ഭാരമായിരുന്നില്ല” വിഷ്ണു പറയുന്നു.

ദിവസവും 12 മണിക്കൂറോളം പഠിച്ചാണ് വിഷ്ണു പരീക്ഷയ്ക്ക് തയ്യാറായത്. സ്‌കൂളിലെ പഠനത്തിന് പുറമെ കോച്ചിങ് സെന്ററിലെ പരിശീലനവും വിഷ്ണുവിന് സഹായകമായി മാറി. പഠനത്തിന് പുറമെ നോവലുകളും കഥകളും വായിക്കുന്നതിലും വിഷ്ണു തല്‍പരനാണ്. കഴിഞ്ഞ വര്‍ഷം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തിയ കെവിപിവൈ സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും വിഷ്ണു വിജയം കൈവരിച്ചിരുന്നു. ഇത് ജെഇഇയ്ക്കുള്ള ഊര്‍ജ്ജമായി മാറുകയായിരുന്നു.

കുമളിയില്‍ ഏലം കര്‍ഷകനാണ് വിഷ്ണുവിന്റെ പിതാവ് വിനോദ്. തന്റെ മകന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നാണ് വിനോദ് പറയുന്നത്. 18 മാസത്തെ മകന്റെ കഠിനാധ്വാനമാണ് ഈ റിസള്‍ട്ടെന്ന് വിനോദ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook