തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടുകയാണ് കേരളം. ലോക്ക് ഡൗണ്‍ സമയത്ത് വളര്‍ത്തു ജീവികള്‍ക്ക് അസുഖം വന്നാല്‍ എന്തു ചെയ്യണം? വളര്‍ത്തു ജിവികളുളളവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്കും വളര്‍ത്തു ജിവികളെ പരിപാലിക്കുന്നവര്‍ക്കുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുവരരുതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വെറ്റിനറി ഡോക്ടറെയോ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെയോ വീട്ടിലേക്ക് വിളിക്കണം. പക്ഷിമൃഗാദികള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ വെറ്റിനറി ഡോക്ടറെയോ മറ്റു ഉദ്യോഗസ്ഥരെയോ ഫോണില്‍ ബന്ധപ്പെട്ട ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ നമ്പറുകള്‍ എഴുതി പ്രദര്‍ശിപ്പിക്കും. പ്രതിരോധ കുത്തിവയ്പ്പുകള്‍, പൊതുവായുള്ള ആരോഗ്യ പരിശോധന, കൃത്രിമ ബീജാധാരണം, ഗര്‍ഭ പരിശോധന, അടിയന്തര പ്രധാനമല്ലാത്ത സേവനങ്ങള്‍ തുടങ്ങിയവ കൊറോണ ഭീതി മാറുന്നത് വരെ നീട്ടി വയ്ക്കണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക. രോഗനിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ് ഉപയോഗിച്ച് വൃത്തിയാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഫാമുകളും തൊഴുത്തും കൂടുകളും അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം.  അടിയന്തര ആവശ്യങ്ങള്‍ക്ക് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook