കൊച്ചി: കേരളം മുഴുവൻ വലിയ നാശനഷ്ടം വിതച്ച 2018 ആഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ തകർന്ന വീടിന് പകരം പുതിയ വീട് ഇന്ത്യൻ നാവികസേന നിർമ്മിച്ചുനൽകി. വരാപ്പുഴയ്ക്കടുത്ത് മുട്ടിനകം വേവുകാട്ട് വികെ ബാബുവിനും കുടുംബത്തിനുമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദക്ഷിണ നാവിക സേനാ കമാന്റിങ് ഇൻ ചീഫ് വൈസ് അഡ്‌മിറൽ അനിൽകുമാർ ചൗള സമ്മാനിച്ചു.

വേവുകാട്ട് വികെ ബാബുവിനും കുടുംബത്തിനുമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദക്ഷിണ നാവിക സേനാ കമാന്റിങ് ഇൻ ചീഫ് വൈസ് അഡ്‌മിറൽ അനിൽകുമാർ ചൗള സമ്മാനിക്കുന്നു

ബാബുവിന്റെ വീട് പ്രളയത്തിൽ ഭാഗികമായി തകർന്നിരുന്നു. എന്നാൽ ഇവിടെ വാസയോഗ്യമായിരുന്നില്ല. തുടർന്ന് നാവികസേന പഴയ വീട് പൊളിച്ചാണ് പുതിയ വീട് പണിതത്. ഓടിട്ട പഴയ വീടിന് പകരം കോൺക്രീറ്റ് വീടാണ് നിർമ്മിച്ച് നൽകിയത്. ഇതിനായി ദക്ഷിണ നാവികസേന 9.35 ലക്ഷം രൂപ ചിലവഴിച്ചു.

ബാബുവിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞാണ് വീട് നിർമ്മിച്ചത്. ഐഎൻഎസ് വെണ്ടുരുത്തിയിലെ അംഗങ്ങൾ നാല് മാസം കൊണ്ടാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും അടങ്ങുന്നതാണ് വീട്.

ബാബുവിനും കുടുംബത്തിനുമായി 9.35 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച വീട്

വീട്ടിനകത്ത് തറയിൽ വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ മുറിയിലും ടൈൽ വിരിച്ചിട്ടുണ്ട്. താക്കോൽദാന ചടങ്ങ് വീടിന്റെ ഗൃഹപ്രവേശനമായാണ് ബാബുവും കുടുംബവും ആഘോഷിച്ചത്. വീട്ടുകാർക്ക് ഗ്യാസ് സ്റ്റൗ സപന ചൗള സമ്മാനമായി നൽകി.

ബാബുവിനും കുടുംബത്തിനും സപന ചൗള ഗ്യാസ് സ്റ്റൗ സമ്മാനിക്കുന്നു

താക്കോൽ ദാന ചടങ്ങിൽ നേവി വൈഫ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സ‌പന ചൗളയടക്കം മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. നേവൽ സ്റ്റാഫ് ചീഫ് അഡ്‌മിറൽ സുനിൽ ലാൻബ ഈ വീട് 2018 ആഗസ്റ്റ് മാസം സന്ദർശിച്ചിരുന്നു. നാവികസേനയുടെ ഭാഗത്ത് നിന്ന് വീട് പുനർനിർമ്മിക്കാനുളള എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹമാണ് ഉറപ്പുനൽകിയത്. ദക്ഷിണ നാവികസേനയുടെ പ്രത്യേക ഫണ്ടിൽ നിന്ന് വീട് നിർമ്മാണത്തിനുളള തുക അനുവദിച്ചതും അദ്ദേഹമാണ്.

നേവൽ സ്റ്റാഫ് ചീഫ് അഡ്‌മിറൽ സുനിൽ ലാൻബ പ്രളയത്തിന് ശേഷം ബാബുവിന്റെ വീട് സന്ദർശിച്ചപ്പോൾ

ചെറിയ കടമക്കുടിയിൽ പ്രളയത്തിൽ തകർന്ന മൂന്ന് വീടുകളും ദക്ഷിണ നാവിക സേന പുനർനിർമ്മിക്കുന്നുണ്ട്. നിർമ്മാണം പുരോഗമിക്കുകയാണ്. ഇതും വേഗത്തിൽ പുനർ നിർമ്മിച്ച് നൽകുമെന്ന് ദക്ഷിണ നാവിക സേനാ വക്താവ് കമ്മാന്റർ ശ്രീധർ വാര്യർ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ