ബംഗളുരു: കര്‍ണാടകയിലെ പരമ്പരാഗത പോത്തോട്ട മത്സരമായ കംബള നിയമവിധേയമാക്കുന്നതിനായി നിയമസഭ ബില്‍ പാസാക്കി. തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് നിയമവിധയമാക്കിയതിന് ഒരുമാസം കഴിഞ്ഞാണ് കംബളയ്ക്ക് അനുകൂലമായ ബില്‍ പാസ്സാക്കിയത്. ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്നാലെ കംബള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലും വ്യാപക പ്രതിഷേധമാണ് നടന്നിരുന്നത്. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്.
മൃഗസംരക്ഷണ സംഘടനയായ പെറ്റ നല്‍കിയ ഹരജിയിലാണ് കര്‍ണാടക ഹൈക്കോടതി കംബളയ്ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയത്. വിലക്കിന് പിന്നാലെ സംസ്ഥാനത്ത് വന്‍പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.