ന്യൂഡല്‍ഹി: ബിജെപി എംപിയുടെ കാലു കഴുകിയ വെള്ളം ബിജെപി പ്രവര്‍ത്തകന്‍ കുടിച്ച സംഭവത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. സംഭവത്തെ ന്യായീകരിച്ച നിഷികാന്ത് ദൂബേയെയാണ് കപില്‍ സിബല്‍ പരിഹിസിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌നേഹമാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ദൂബേയുടെ വിശദീകരണം. അങ്ങനെയാണെങ്കില്‍ ദൂബേ മോദിയുടെ കാലു കഴുകി വെള്ളം കുടിക്കുമോ എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്. അങ്ങനെ ചെയ്യാതിരുന്നാല്‍ അദ്ദേഹത്തിന് മോദിയോട് സ്‌നേഹമില്ലെന്നാണോ അര്‍ത്ഥമെന്നും കപില്‍ സിബല്‍ ചോദിച്ചു.

ബിജെപി എംപിയുടെ കാലുകള്‍ കഴുകിയ വെളളം പാര്‍ട്ടി പ്രവര്‍ത്തകന്‍ കുടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ വിശദീകരണവുമായി എംപി രംഗത്ത് എത്തുകയായിരുന്നു. തന്നോടുളള പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്‌നേഹം മനസ്സിലാക്കാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.

ഞായറാഴ്ച ഗോധയിലെ പരിപാടിയില്‍വച്ചായിരുന്നു സംഭവം. ദുബെ പ്രസംഗം അവസാനിപ്പിച്ചതും പാര്‍ട്ടി പ്രവര്‍ത്തകനായ പവന്‍ തളികയില്‍വച്ച് ദുബെയുടെ കാലുകള്‍ കഴുകി തുണികൊണ്ട് തുടച്ചു. അതിനുശേഷം പാത്രത്തിലെ വെള്ളം കുടിക്കുകയായിരുന്നു. പവന്‍ ഭായ് സിന്ദാബാദ് എന്നു അവിടെയുണ്ടായിരുന്നവര്‍ ഉച്ചത്തില്‍ വിളിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ വൈറലായതോടെ ബിജെപി എംപിക്കുനേരെ വിമര്‍ശനങ്ങള്‍ ഉണ്ടായി. ജാര്‍ഖണ്ഡില്‍ അതിഥികളെ ഇത്തരത്തില്‍ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നാണ് ബിജെപി എംപി ഇതിനു മറുപടിയായി പറഞ്ഞത്. ഭഗവാന്‍ കൃഷ്ണനും സുധമയോട് ഇങ്ങനെ ചെയ്തതായി മഹാഭാരതത്തിലുണ്ട്. ഭാവിയില്‍ പവന്റെ കാലുകള്‍ കഴുകാനുളള അവസരം എനിക്കും ലഭിക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ