/indian-express-malayalam/media/media_files/uploads/2017/02/kadakampally.jpg)
തിരുവനന്തപുരം: പ്രയാര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. അയ്യപ്പനെ ഒരു സാധാരണ ദൈവമായി പ്രയാര്‍ കണ്ടതാണ് പ്രശ്‌നമെന്നും വിധി എതിരായതും അയ്യപ്പന്റെ ശക്തികൊണ്ടാണെന്നാണ് താന്‍ കരുതുന്നതെന്നും സുരേന്ദ്രന്‍ പ്രയാര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. മുന്‍ ദേവസ്വം പ്രസിഡന്റായ പ്രയാര്‍ ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ട് വിധി വരാതിരിക്കാനായി മറ്റ് ദൈവങ്ങളുടെ പൂജ നടത്താന്‍ പോയതിനെയാണ് മന്ത്രി പരിഹസിച്ചത്.
''അയ്യപ്പനെ പ്രയാര്‍ ഒരു സാധാരണ ദൈവമായി കണ്ടതാണ് പ്രശ്‌നം. വിധി എതിരായത് അയ്യപ്പന്റെ ശക്തികൊണ്ടാണെന്നാണ് താന്‍ കരുതുന്നത് . അതുകൊണ്ടാണ് അയ്യപ്പന്റെ അടുത്ത് കളിക്കാന്‍ പോകരുത് എന്ന് പറയുന്നത്. അയ്യപ്പനെ മറികടന്ന് മറ്റ് 1250 ദൈവങ്ങളുടെ അടുത്ത് പോയത് അയ്യപ്പന് ഇഷ്ടമായിട്ടുണ്ടാകില്ല'' എന്ന് കടകംപള്ളി പറഞ്ഞു.
അയ്യപ്പനോട് കളിക്കരുതെന്നും അയ്യപ്പനോട് കളിച്ചവര്‍ ഓരോരുത്തരായി വിവരം അറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി തന്റെ ഇഷ്ടത്തിന് അനുസരിച്ചാകാന്‍ വേണ്ടി പ്രയാര്‍ ബോര്‍ഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളില്‍ പൂജ നടത്തിയെന്നും അതിന് രേഖയുണ്ടെന്നും മന്ത്രി ആരോപിച്ചു.
കോടതി വിധിയൊക്കെ മാറ്റാന്‍ തക്ക ശക്തിയുള്ളതാണ് കാഞ്ഞിരപ്പള്ളിയിലുള്ള ജഡ്ജിമ്മന്‍ ക്ഷേത്രമെന്നാണ് പറയാറ്. വിധി അനുകൂലമാക്കാന്‍ പ്രയാര്‍ ഇവിടേയും പൂജ നടത്തിയെന്നും മന്ത്രി പറഞ്ഞു. ഗോപാലകൃഷ്ണന്‍ ഒരു പകല്‍ മുഴുവന്‍ അവിടെ പോയിരുന്ന് ജഡ്ജിമാരുടെ മനസ് മാറ്റാന്‍ ഉപവാസ യജ്ഞം നടത്തിയെന്നും മന്ത്രി ആരോപിച്ചു.
തന്നോട് തല്ലുണ്ടാക്കിയ സഹപാഠിയെ തല്ലാന്‍ ഒന്നാം ക്ലാസുകാരന്‍ നാലാം ക്ലാസുകാരനെ വിളിച്ചു കൊണ്ടു വരുന്നത് പോലെയാണ് എഎന്‍ രാധാകൃഷ്ണന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സഹായം തേടിയതെന്നും കടകംപളളി പറഞ്ഞു. എഎന്‍ രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രിയെ വിളിച്ചു വരുത്തി അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ബിജെപി യുടെ പ്ലാന്‍ സി ആണെന്നും മന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ജാതിയും മതവും പറഞ്ഞ് ആക്രമിച്ച് മാനസികമായി തകര്‍ക്കാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.