/indian-express-malayalam/media/media_files/uploads/2018/05/kashmirencounter.jpg)
ശ്രീനഗർ: ജമ്മു കശ്മീരിൽ അഞ്ചു ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ ബദിഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. അഞ്ചു ഭീകരരുടെയും മൃതദേഹം കണ്ടെടുത്തെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്‌പി വെയ്ദ് പറഞ്ഞു. സൈനപോര പ്രദേശത്ത് ഭീകരരർ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഹിസ്ബുൾ മുജാഹിദീൻ കമാന്‍ഡറായ സദ്ദാം പദ്ദേറും കശ്മീര്‍ യുണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും കൊല്ലപ്പെട്ട ഭീകരരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. സോഷ്യോളജി ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ മുഹമ്മദ് റാഫി ഭട്ടിനെ കഴിഞ്ഞ വെളളിയാഴ്ച മുതൽ കാണാതായിരുന്നു. കശ്മീരിലെ ചുണ്ടിന പ്രദേശവാസിയായ ഭട്ട് തീവ്രവാദികളുടെ കൂടെ ചേരാന്‍ ആഗ്രഹിച്ചിരുന്നതായും ബദിഗാമിൽ പെട്ടുപോയ തീവ്രവാദികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതായാണ് അറിയാന്‍ സാധിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എസ്.പി.പാനി പറഞ്ഞു. ഇയാളുടെ കുടുംബത്തെ കൊണ്ടുവന്ന് ഇയാളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഭട്ടിന്‍റെ തിരോധാനത്തെ തുടര്‍ന്നു കശ്മീര്‍ യുണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. കാണാതായ പ്രൊഫസറെ കണ്ടെത്താന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും എന്ന വൈസ് ചാന്‍സിലറുടെ ഉറപ്പിനെതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം അവസാനിപ്പിച്ചത്. ഭട്ടിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വൈസ് ചാൻസിലർ പൊലീസ് ഡിജിപിക്ക് കത്തെഴുതിയിരുന്നു.
നാളെ മുതല്‍ രണ്ടുദിവസത്തേക്ക് കശ്മീര്‍ യുണിവേഴ്സിറ്റി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടത്തേണ്ട പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ചെയ്തു. തെക്കൻ കശ്മീരിലെ പല ജില്ലകളിലും സെൻട്രൽ കശ്മീരിലെ ഗണ്ടർബാലിലും മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്.
അതേസമയം, ഭീകരരുമായുളള ഏറ്റുമുട്ടൽ നടന്ന സ്ഥലത്തിന് സമീപത്തായി സൈനികരും ഒരുകൂട്ടം യുവാക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രദേശവാസി മരിച്ചുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ആസിഫ് അഹമ്മദ് മിര്‍ എന്നയാളാണ് മരിച്ചത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് വെടിവയ്ക്കുകയും ബുളളറ്റ് കൊണ്ട് ആസിഫിന് തലയിൽ മുറിവേൽക്കുകയും ചെയ്തു. ഇയാളെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവിടെവച്ച് മരിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us