ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും കെ എല്‍ രാഹുലിന്റെ ലക്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടുകയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാമതും ലക്നൗ രണ്ടാമതുമാണ്. ഇരുടീമുകളുടേയും ശക്തി ബാറ്റിങ് നിരയാണ്. എന്നാല്‍ ലക്നൗവിനാണ് മുന്‍തൂക്കമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സേവാഗ്.
“രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഹരശേഷി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലായിരിക്കാം. പക്ഷെ ഫോം വീണ്ടെടുത്തത് നല്ല ലക്ഷണമാണ്. ട്രെന്‍ ബോള്‍ട്ടല്ലാതെ രാജസ്ഥാന് നല്ല ഫാസ്റ്റ് ബോളര്‍മാരില്ല. പക്ഷെ അവര്‍ക്ക് നല്ല സ്പിന്നര്‍മാരുണ്ട്. പക്ഷെ രാഹുലിന് ക്രീസില്‍ തുടരാനായാല്‍ എല്ലാം എളുപ്പമാകും,” സേവാഗ് ക്രിക്ബസിനോട് പറഞ്ഞു.
“ഇന്ത്യന്‍ ടീമിലേക്ക് എത്തിയത് പരിഗണിക്കുകയാണെങ്കില്‍ സഞ്ജുവിനേക്കാള്‍ ഒരുപാട് മുകളിലാണ് രാഹുലും. രാഹുല്‍ ടെസ്റ്റ് കളിക്കുകയും നിരവധി രാജ്യങ്ങളില്‍ സെഞ്ചുറി നേടിയിട്ടുമുണ്ട്. ഏകദിനത്തില്‍ ഓപ്പണറായും മധ്യനിരയിലും രാഹുലിന് തിളങ്ങനായി, ട്വന്റി 20-യിലും രാഹുല്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്,” സേവാഗ് കൂട്ടിച്ചേര്‍ത്തു.
സീസണില്‍ രാഹുലിനേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തിരിക്കുന്നത്. രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 157 റണ്‍സ് നേടി. 165.26 പ്രഹരശേഷിയിലാണ് സഞ്ജുവിന്റെ ബാറ്റിങ്. പഞ്ചാബിനെതിരായ പ്രകടനമാണ് രാഹുലിന് തുണയായത്. കേവലം 113.14 പ്രഹരശേഷിയില്‍ രാഹുല്‍ 155 റണ്‍സ് നേടി.