കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ദേശീയ പതാക വലിച്ചുകീറി. കോലഞ്ചേരി ഐരാപുരം എൻ.എസ്.എസ് കരയോഗം ഓഫീസിന് മുന്നിലാണ് സംഭവം. സംഭവത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകരായ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറിയും എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി അംഗവുമായ കെ ജയകുമാറിന്റെ പരാതിയിലാണ് കുന്നത്തുനാട് പോലീസിന്റെ നടപടി.
ബി.ജെ.പി യുടെ കുന്നത്തുനാട് നിയോജകമണ്ഡലം കർഷക മോർച്ച നേതാവ് കെ.ബി രാജൻ, ബി.ജെ.പി പ്രവർത്തകരായ കൈപ്പിള്ളിൽ കെ സത്യൻ, ശ്രീനിലയത്തിള ശ്രീകുമാർ വാര്യർ, കുറുങ്ങാട്ടുവീട്ടിഷ ഗോപകുമാർ, വിശ്വനാഥൻ, നെടുന്പിള്ളിൽ സുദർശനൻ, കാവാട്ട് വീട്ടിൽ കെ.ജി ശശിധരൻ, ബി. മണി എന്നിവരാണ് പ്രതികൾ.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ ആറരയ്ക്ക് ഇരുവിഭാഗവും കരയോഗം ഓഫീസിന് മുന്നിൽ എത്തിയിരുന്നു. നേരത്തേ കരയോഗം പ്രസിഡന്റായിരുന്ന സത്യനെയും മറ്റ് മൂന്ന് പേരെയും കരയോഗം ഭരണസമിതി സസ്പെന്റ് ചെയ്തതാണ് കാരണം. ഇരുവിഭാഗവും തമ്മിൽ കരയോഗം ഓഫീസിന് മുന്നിൽ പതാക ഉയർത്തുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായി. പിന്നീട് രാജന്റെ നേത്വത്തിൽ എത്തിയ സംഘം പതാക വലിച്ചുകീറിയെന്നാണ് പരാതി.
“സംഘടനാ വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് പ്രതികളിൽ നാല് പേർ സസ്പെൻഷനിലാണ്. കരയോഗം പ്രസിഡന്റായിരുന്ന സത്യൻ തന്നെ പതാക ഉയർത്തണമെന്ന ആവശ്യവുമായി വന്ന ബി.ജെ.പി പ്രവർത്തകർ കൊടിമരത്തിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് പതാക ഉയർത്താൻ ശ്രമിച്ചപ്പോൾ ഇവർ വലിച്ചുകീറുകയായിരുന്നു” ജയകുമാർ പറഞ്ഞു.
“ത്രിവർണ്ണ പതാകയുടെ മൂന്ന് വർണ്ണങ്ങൾക്കിടയിലെ തുന്ന് ഇളകി പോയിട്ടുണ്ട്. പതാക രണ്ടായി മുറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് കുന്നത്തുനാട് പൊലീസ് എഫ.ഐ.ആർ രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും” പൊലീസ് അറിയിച്ചു.