തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സംസ്ഥാനം അതിരൂക്ഷമായ പകർച്ച വ്യാധികളുടെ പിടിയിലാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്. അത്യന്തം ഗുരുതരമായ നിലയിലാണ് സംസ്ഥാനത്ത് പകർച്ചപ്പനിക്കൊപ്പം ഡങ്കിപ്പനിയും എച്ച്1 എൻ1 ഉം പടരുന്നതെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് -ഏപ്രിൽ മാസങ്ങളിൽ മാത്രം സംസ്ഥാനത്താകെ 500 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ കൂടുതൽ പേർ തിരുവനന്തപുരത്താണ്. സമാനമായ നിലയിലല്ലെങ്കിലും എച്ച്1 എൻ1 ഉം ഗുരുതരമായ സാഹചര്യമാണ് ആരോഗ്യമേഖലയിൽ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

2017 ജനവരി ഒന്നിന് ശേഷം 18 പേർ എച്ച്1 എൻ1 ബാധിച്ച് മരിച്ചു. കാലാവസ്ഥയിൽ അടിക്കടിയുണ്ടായ വ്യതിയാനമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 68 പേർ എച്ച്1 എൻ1 ബാധിച്ച് ഏപ്രിലിൽ മാത്രം സംസ്ഥാനത്തൊട്ടാകെ ചികിത്സ തേടി.

ഈ സാഹചര്യം ഗൗരവത്തോടെ നേരിട്ടില്ലെങ്കിൽ ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് കണക്കുകൾ അടിസ്ഥാനപ്പെടുത്തി ഉന്നത ഉദ്യോസ്ഥർ സർക്കാരിനോട് വിശദീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 2017 ജനവരി-മാർച്ച് മാസത്തിനിടയിൽ 1200 ലധികം പേർ ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്.

എലിപ്പനി ബാധിച്ച 280 ൽ നാല് പേർ മരണത്തിന് കീഴടങ്ങി. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ തിരുവനന്തപുരത്ത് യഥാക്രമം 54, 52 എന്നിങ്ങനെയായിരുന്നു ഡങ്കിപ്പനി ബാധിച്ചവരുടെ കണക്ക്. ആകെ 64 പേർ സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്ത ദിവസമാണ് തിരുവനന്തപുരത്ത് 54 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുൻകരുതലെന്നോണം ആവശ്യമായ മരുന്നുകളും ജീവനക്കാരുടെ സാന്നിദ്ധ്യവും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയതായാണ് ആരോഗ്യവകുപ്പ് ഉന്നതരുടെ വിശദീകരണം. അതേസമയം സമൂഹത്തിൽ ജാഗ്രത പുലർത്തുന്നതിനുള്ള ബോധവത്കരണ പരിപാടികൾക്കും വകുപ്പ് വരും ദിവസങ്ങളിൽ തുടക്കം കുറിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook