scorecardresearch
Latest News

സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍

സുപ്രീംകോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് നിര്‍ദേശം.

സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെയുള്ള യുദ്ധം ശക്തമാക്കി ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാന്‍. തിങ്കളാഴ്ച രാവിലെ 11.30നകം ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. കേരള, എംജി, കണ്ണൂര്‍, കുസാറ്റ്, കെടിയു, കാലടി, കാലിക്കറ്റ്, മലയാളം വാഴ്‌സിറ്റി വിസിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് നിര്‍ദേശം.

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീയുടെ നിയമനം കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്ത് പി. എസ്. നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് ഡോ. ഗോപിനാഥ്. ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിസി നിയമനവുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയിലുണ്ട്. കേസ് നടക്കുമ്പോള്‍ ഇത്തരമൊരു നടപടിയിലേക്ക് പോകാമോയെന്ന് അറിയില്ല. ടെര്‍മിനേഷന്‍ ഓര്‍ഡര്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മറ്റുവിസിമാരുടെ തീരുമാനം എന്താണെന്ന് അറിയില്ല. ഇത് തന്റെ തീരുമാനമാണ്. ഇത് രാജ്യത്തെ അസാധാരണ നടപടിയാണെന്നും കണ്ണൂര്‍ വിസി പറഞ്ഞു.

ഗവര്‍ണറുടേത് വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കാനുള്ള നീക്കം: എം വി ഗോവിന്ദന്‍

ഗവര്‍ണറുടേത് വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കാനുള്ള നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണറുടെ രാഷ്ട്രീയ അജന്‍ഡ ജനങ്ങള്‍ അംഗീകരിക്കില്ല, വിദ്യാഭ്യാസരംഗത്ത് സംഘപരിവാറിന് ഇടപെടാന്‍ അവസരം ഉണ്ടാക്കുന്നു. അധികാരം പ്രയോഗിക്കാന്‍ ഭരണഘടനാനിലപാട് വേണം. ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസിന്റെ പിന്‍വാതില്‍ നീക്കമാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

സ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സര്‍ക്കാരിനോട് ആലോചിക്കാതെയുളള ഗവര്‍ണറുടെ നടപടി വ്യസനകരമാണ്. ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും തുടര്‍നടപടി സര്‍ക്കാര്‍ കൂട്ടായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതികരിച്ചതിന്റെ പേരില്‍ തന്നെയും പുറത്താക്കിയേക്കാം. പക്ഷേ, പറയാതെ മുന്നോട്ടുപോകാനാകില്ല. സര്‍ക്കാരിന് കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു

ഉന്നത വിദ്യാഭ്യസ മേഖലയില്‍ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നില്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. സര്‍വകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പറയുന്ന കാര്യത്തിന് ഗവര്‍ണര്‍ നാളെ തന്നെയും പുറത്താക്കിയേക്കും, പക്ഷെ പറയാതിരിക്കാന്‍ കഴിയില്ല എന്നും മന്ത്രി ബിന്ദു പ്രതികരിച്ചു.

ഗവര്‍ണര്‍ തെറ്റ് തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നു : വി ഡി സതീശന്‍

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പറത്തി വൈസ് ചാന്‍സലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂര്‍ണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സിലര്‍മാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നു. ഗവര്‍ണര്‍ ചെയ്ത തെറ്റ് ഇപ്പോള്‍ തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു.വി സി നിയമനത്തിലെ യു ജി സി മാനദണ്ഡങ്ങള്‍ വളരെ കൃത്യമാണ്. സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധരെ ഉള്‍പ്പെടുത്തണം, യു ജി സി പ്രതിനിധി വേണം, മൂന്ന് മുതല്‍ അഞ്ച് വരെ പേരുകള്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്യണം തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. എന്നാല്‍ ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി സി നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചത്.

സര്‍വകലാശാലയുമായി ബന്ധമുള്ളവരെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന മാനദണ്ഡം സംസ്ഥാനം പല തവണ ലംഘിച്ചു. ചട്ടവിരുദ്ധമായി ഒരാളെ മാത്രം വി.സി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത സംഭവങ്ങളുമുണ്ട്. ലക്ഷകണക്കിന് കുട്ടികളുടെ ഭാവി തുലാസില്‍ ആക്കിയുള്ള കളികളാണ് ഇരുകൂട്ടരും ചേര്‍ന്ന് നടത്തിയത്. അന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്ന് ഗവര്‍ണര്‍ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Governor to vice chancellors to resign