ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ രാഘവ് ദാസ് മെമ്മോറിയൽ ഗവ മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ഡോ.ഖഫീൽ ഖാനും പിടിയിൽ. ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സമയത്ത് സ്വന്തം കാശ് മുടക്കി ഓക്സിജൻ ആശുപത്രിയിലെത്തിച്ച ഡോക്ടറാണ് ഇദ്ദേഹം.
എൻസെഫെലൈറ്റിസ് വാർഡിന്റെ ചുമതലയിലുണ്ടായിരുന്ന ഖഫീൽ ഖാനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഗോരഖ്പൂർ പൊലീസിന് കൈമാറിയതായി പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന ഐജി അമിതാഭ് യാഷ് പറഞ്ഞു.
അതേസമയം ഗോരഖ്‌പൂരിൽ കുട്ടികളുടെ മരണത്തിന് അയവില്ലെന്ന് ഇന്നലെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം മാത്രം മെഡിക്കൽ കോളേജിൽ 24 കുട്ടികൾ മരിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രം 415 കുട്ടികൾ ആശുപത്രിയിൽ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ചതോടെയാണ് ഉത്തർപപ്രദേശിലെ ഗോരഖ്പൂരിലുള്ള ഗവ.മെഡിക്കൽ കോളേജ് വാർത്തകളിൽ ഇടംപിടിച്ചത്. എൻസെഫെലൈറ്റിസ് അസുഖ ബാധിതരായ കുട്ടികളാണ് കൂടുതലും മരിച്ചത്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലും കുട്ടികളുടെ തുടർമരണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അതേസമയം, മെഡിക്കൽ കോളേജിൽ ഒരു മാസത്തിനിടെ മരിച്ചത് 290 കുട്ടികളെന്ന് ഇപ്പോഴത്തെ പ്രിൻസിപ്പൽ വെളിപ്പെടുത്തിയിരുന്നു. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ 211 കുഞ്ഞുങ്ങളും എൻസെഫെലൈറ്റിസ് മൂലം 77 പേരുമാണ് മരിച്ചതെന്നാണ് പി.കെ.സിങ് തുറന്നുപറഞ്ഞത്.
ഓഗസ്റ്റ് മാസത്തിലെ മാത്രം കണക്കുകളാണ് രാഘവ് ദാസ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ പി.കെ.സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. എട്ട് മാസത്തിനിടെ 1250 കുട്ടികൾ മരിച്ചതായും പ്രിൻസിപ്പലിന്റെ രേഖകളിലുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രിൻസിപ്പൽ വെളിപ്പെടുത്തിയതിനേക്കാൾ ഗുരുതരമാണ് ആശുപത്രിയിലെ സ്ഥിതിയെന്നാണ് വ്യക്തമാക്കുന്നത്.
ഈ സംഭവത്തിൽ മുൻ പ്രിൻസിപ്പലും ഭാര്യയും പിടിയിലായിരുന്നു. ഉത്തർപ്രദേശ് പ്രത്യേക ടാസ്ക് ഫോഴ്സാണ് 70 ലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ മുൻ പ്രിൻസിപ്പലിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്. ഡോക്ടർമാരായ രാജീവ് മിശ്ര, പൂർണിമ ശുക്ല എന്നിവർ കാൻപൂരിൽ വച്ചാണ് പിടിയിലായത്.
കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവം നടന്ന ഉടൻ തന്നെ മിശ്രയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ മിശ്ര അന്ന് തന്നെ രാജിക്കത്ത് എഴുതി നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് രാജീവ് മിശ്രയും ഭാര്യയുമടക്കമുള്ള പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.