പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ രോഹൻ ബൊപ്പണ്ണ ഗബ്രിയേല ദാബ്രോവസ്കി സഖ്യത്തിന് കിരീടം. ജർമൻ താരം അന്ന ലെന ഗ്രോയൻഫെൽഡും കൊളംബിയൻ താരം റോബർട്ട് ഫറയും ചേർന്ന സഖ്യത്തെയാണ് ഫൈനലിൽ ബൊപ്പണ്ണ ദാബ്രോവസ്കി സഖ്യം പരാജയപ്പെടുത്തിയത്.

കാനഡ താരമാണ് ഗബ്രിയേല ദാബ്രോവസ്കി. ഇവരുടെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ഇത്. കടുത്ത മത്സരത്തിനൊടുവിലാണ് ഫൈനലിൽ ഇവർ കിരീടം നേടിയത്. ആദ്യ സെറ്റ് 2-6 ന് കൈവിട്ട ബൊപ്പണ്ണ സഖ്യം രണ്ടാം സെറ്റിൽ 6-2ന് നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം സെറ്റിൽ ഇതോടെ ഇു പക്ഷവും വാശിയോടെ മത്സരിച്ചു.

12-10 നാണ് മൂന്നാം സെറ്റ് ബൊപ്പണ്ണ-ദാബ്രോവസ്കി സഖ്യം നേടിയത്. ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് അന്ന-ഫറ കൂട്ടുകെട്ട് ഇന്ത്യൻ സഖ്യത്തോട് കീഴടക്കിയത്. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്ക് ശേഷം ഗ്രാന്റ്സ്ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യൻ ടെന്നിസ് താരമാണ് ബൊപ്പണ്ണ.

മൂന്നാം സീഡായ ആൻഡ്രിയ ഹാവ്ക്കോവ–എഡ്വേർഡ് റോജർ വാസെലിൻ എന്നിവരെയാണ് സെമിഫൈനലിൽ ഏഴാം സീഡുകളായ ബൊപ്പണ്ണ-ദാബ്രോവസ്കി സഖ്യം തോൽപ്പിച്ചത്. 7–5, 6–3 സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് മൂന്നാം സീഡ് സഖ്യത്തെ ഇന്ത്യ-കനേഡിയ സഖ്യം തോൽപ്പിച്ചത്.

2010ൽ യുഎസ് ഓപ്പണിന്റെ ഫൈനലിൽ രോഹൻ ബൊപ്പണ്ണ കളിച്ചിരുന്നു. പുരുഷ ഡബിൾസിൽ പാക്കിസ്ഥാന്റെ ഐസാമുൾ ഹഖ് ഖുറേഷിയോടൊപ്പമായിരുന്നു ഫൈനൽ കളിച്ചത്. എന്നാൽ ബ്രയാൻ സഹോദരൻമാരോടു ഫൈനലിൽ തോറ്റ ഇന്ത്യ-പാക് സഖ്യത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ