ധരംശാല: ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നാളെ ധരംശാലയിൽ നടക്കും. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ തുല്യതയിലാണ്. ബോർഡർ -ഗവാസ്ക്കർ ട്രോഫി തിരിച്ചു പിടിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

 

എന്നാൽ സമനില നേടിയാൽ ഓസ്ട്രേലിയക്ക് കപ്പ് നാട്ടിലേക്ക് കൊണ്ടു പോകാനാകും. നായകൻ വിരാട് കോഹ്‌ലിയുടെ പരിക്കാണ് ഇന്ത്യയുടെ പ്രധാന തലവേദന. തോളിനേറ്റ പരിക്കിനേ തുടർന്ന് കോഹ്‌ലി ഇന്നും പരീശീലനത്തിന് ഇറങ്ങിയില്ല. മത്സരത്തിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമെ താ​ൻ കളിക്കുകയുള്ളു എന്ന് കോ‌ഹ്‌ലി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിരാട് കോഹ്‌ലി കളിച്ചില്ലെങ്കിൽ വൈസ്ക്യാപ്റ്റൻ അജിൻകെ രഹാനയായിരിക്കും ഇന്ത്യയെ നയിക്കുക. കോഹ്‌ലിയുടെ പരിക്ക് കണക്കിലെടുത്ത് യുവതാരം ശ്രേയസ്സ് അയ്യരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ധരംശാലയിലെ പിച്ച് ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ പേസർ മുഹമ്മദ് ഷമിയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ലോകത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായാണ് ധരംശാലയിലെ സ്റ്റേഡിയം അറിയപ്പെടുന്നത്. പരമ്പരാഗത ഇന്ത്യൻ പിച്ചുകളിൽ നിന്ന് വ്യത്യസ്ഥമായി ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുന്ന പിച്ചാണ് ധരംശാലയിൽ ഒരുക്കിയിരിക്കുന്നത്. ഉമേഷ് യാദവിനും, ഇശാന്ത് ശർമ്മയ്ക്കും ഒപ്പം മൂന്നാമതൊരു ഫാസ്റ്റ് ബൗളർ പരീക്ഷിക്കാനുള്ള സാധ്യയുണ്ട്.

 

2004ന് ശേഷം ഇന്ത്യയില്‍ ആദ്യ പരമ്പര നേട്ടത്തിന് ഒരുങ്ങുന്ന ഓസ്‍ട്രേലിയ റാഞ്ചിയില്‍ സമനില പൊരുതി നേടിയ ടീമിനെ നിലനിര്‍ത്തിയേക്കും. ബൗണ്‍സുള്ള വിക്കറ്റില്‍ വാര്‍ണര്‍ ഫോം വീണ്ടെടുക്കുമെന്നാണ് സ്മിത്തിന്റെ പ്രതീക്ഷ.എന്തായാലും ലോക ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിച്ച സീസണിലെ അവസാന മത്സരത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ ഇന്ത്യക്ക് തന്നെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ