കൊച്ചി: വീണ്ടും വിദേശ കറന്‍സി വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വീണ്ടും വിദേശ കറന്‍സി പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 1.30 കോടിയുടെ വിദേശ കറന്‍സി പിടികൂടിയത്. കഴിഞ്ഞ ദിവസം 11 കോടിയോളം രൂപയുടെ വിദേശ കറന്‍സി പിടികൂടിയിരുന്നു.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. തൃശൂര്‍ മാള സ്വദേശി വിഷ്‌ണുവിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്. പതിവ് പരിശോധനക്കിടെയാണ് ബാഗില്‍ രഹസ്യമായി സൂക്ഷിച്ച കറന്‍സി കസ്റ്റംസ് കണ്ടെത്തിയത്. ഷാര്‍ജയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു വിഷ്‌ണു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായി വന്‍തുകയുടെ വിദേശ കറന്‍സി പിടികൂടിയതോടെയാണ് നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ