ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ വീക്ഷിക്കുന്ന കായിക മൽസരമായ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും ലാ ലിഗയില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം അഭിമാനത്തിന്റെതാണ്. പോയന്റ് പട്ടികയില്‍ റയലിനെ ഏറെ പിന്നിലാക്കി ലാ ലിഗ ജേതാക്കളായ ബാഴ്സലോണ വിജയ കുതിപ്പ് തുടരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എങ്കില്‍ സ്വന്തം മൈതാനത്ത് ഏറ്റ പരാജയത്തെ അതെ നാണയത്തില്‍ തിരിച്ച് നല്‍കാനാകും റയല്‍ ശ്രമിക്കുക. ബാഴ്സലോണയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താനാവുകയാണ് എങ്കില്‍ ചാമ്പ്യന്‍സ് ലീഗിന് തയ്യാറെടുക്കുന്ന റയലിന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ മറ്റൊന്നും വേണ്ട.
സാന്തിയാഗോ ബെര്‍ണബ്യൂവില്‍ നേടിയ മൂന്ന് ഗോളുകളുടെ വിജയം തങ്ങളുടെ മൈതാനത്തില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല എങ്കിലും തോല്‍ക്കാതിരിക്കുക എന്നത് മാത്രമാണ് ബാഴ്സയ്ക്ക് മുന്നിലുള്ളത്. കാരണം, ഇത് എല്‍ ക്ലാസിക്കോ ആണ്. കോടിക്കണക്കിന് വരുന്ന ആരാധകര്‍ക്ക് മുന്പില് തലയുയര്‍ത്തി നില്‍ക്കണം എങ്കില്‍ തോല്‍ക്കരുത്. സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഫോമിലാണ് എന്നത് റയലിന് ആശ്വാസമാകും.
വെല്‍സ് മുന്നേറ്റതാരം ഗ്യാരത് ബെയില്‍ സീസണിലുടനീളം ഫോം കണ്ടെത്താനാകാതെ കഷ്ടപ്പെടുമ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ നേടിയ രണ്ട് ഗോളുകളിലൂടെ ഫോം വീണ്ടെടുത്ത ബെന്‍സീമയുടെ മടങ്ങിവരവ് റയലിന് ഗുണം ചെയ്യും. വിരമിക്കല്‍ പ്രഖ്യാപിച്ച മധ്യനിര മാന്ത്രികന് ആന്ദ്രെ ഇനിയസ്റ്റയുടെ അവസാന എല്‍ ക്ലാസിക്കോയാകും ഇത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. എല്‍ ക്ലാസിക്കോ വിജയത്തോടെ ഇനിയസ്റ്റയെ യാത്രയയക്കാനാകും ബാഴ്സലോണയും പ്രതീക്ഷിക്കുന്നത്.