സുഡുമോന്റെ സങ്കടം അവസാനിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ മെസേജിന് മറുപടി നല്‍കിയില്ലെന്ന് വിഷമിച്ചിരുന്ന സാമുവല്‍ റോബിന്‍സണെ തേടി ഡിക്യുവിന്റെ മറുപടി. താരത്തിന്റെ മെസേജിന് മറുപടി നല്‍കുക മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ സാമുവല്‍ റോബിന്‍സണിനെ ദുല്‍ഖര്‍ ഫോളോ ചെയ്യുകയും ചെയ്തു.
സാമുവല്‍ റോബിന്‍സണ്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. തനിക്കുള്ള ദുല്‍ഖറിന്റെ ട്വീറ്റും സാമുവല്‍ എന്ന സുഡുമോന്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ദുല്‍ഖര്‍ തന്നെ ഫോളോ ചെയ്തതിലുള്ള സന്തോഷവും താരം പങ്കുവെക്കുന്നുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും തനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് തുള്ളിച്ചാടുകയാണ് സാമുവല്‍ വീഡിയോയില്‍. അതേസമയം സാമുവലിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. മടങ്ങിയെത്തിയാല്‍ ചിത്രം കാണുമെന്നും താരം പറയുന്നു.
നേരില്‍ കണ്ടിട്ടില്ലെങ്കിലും ഞാന്‍ നിങ്ങളുടെ ആരാധകനാണെന്നും സൂപ്പര്‍ സ്റ്റാറിന്റെ മകനെന്ന ലേബല്‍ ഉപയോഗിക്കാതെ സ്വന്തമായി വളര്‍ന്നു വന്ന താരമാണ് താങ്കളെന്നും ദുല്‍ഖറിന് അയച്ച മെസേജില്‍ സാമുവല്‍ പറഞ്ഞത്.
അതേസമയം, സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനായെത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ മികച്ച പ്രതികരണവുമായി ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. മലപ്പുറത്തെ ഫുട്‌ബോള്‍ കാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രത്തിന് എങ്ങും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. സൗബിനാണ് നായകനെങ്കിലും ചിത്രത്തിലെ പ്രധാന ആകര്‍ഷണം സുഡാനിയെ അവതരിപ്പിക്കുന്ന സാമുവല്‍ റോബിന്‍സണ്‍ ആണ്.
ഫുട്‌ബോള്‍ താരമായി വേഷമിട്ട സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയന്‍ താരത്തെ മലയാളി പ്രേക്ഷകരും നെഞ്ചേറ്റുകയാണ്.