ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങി. അവിസ്മരണീയമെന്ന് ട്രംപ് തന്നെ വിശേഷിപ്പിച്ച ദ്വിദിന സന്ദർശനത്തിലൂടെ പ്രതിരോധം, ഊർജ, സാങ്കേതിക സഹകരണം, വ്യാപാര മേഖലകളിൽ ഇന്ത്യയുമായി സമഗ്ര പങ്കാളിത്തം ഉറപ്പാക്കിയ ശേഷമാണ് ട്രംപിന്റെ മടക്കം. രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നായിരുന്നു ഇന്ത്യൻ സന്ദർശനത്തിലെ ട്രംപിന്റെ അവസാന പരിപാടി. ഇതിന് ശേഷം രാത്രി പത്ത് മണിയോടെയാണ് ട്രംപും സംഘവും അമേരിക്കയിലേക്ക് തിരിച്ചത്.

ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള കരാർ യുഎസുമായി ഒപ്പുവച്ചു. ഇന്ത്യൻ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാർ.

ഭാര്യ മെലനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജാറെദ് കഷ്നര്‍ എന്നിവര്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ട്രംപ് ഇന്ത്യയില്‍ എത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വരവേറ്റത്. തുടർന്ന് സബർമതി ആശ്രമത്തിലെത്തിയ ട്രംപ് ചർക്കയിൽ നൂൽനൂറ്റും ഗാന്ധി സ്മരണകൾ അടുത്തറിഞ്ഞും സമയം ചെലവിട്ടു.

പിന്നീട് മൊട്ടേര സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ഒരു ലക്ഷത്തിലധികം വന്ന ജനസമൂഹത്തെ അഭിസംബോധന ചെയ്ത ട്രംപ് താജ്മഹലിലും സന്ദർശനം നടത്തിയിരുന്നു.

ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട ട്രംപ് ഡൽഹിയിൽ നടക്കുന്ന കലാപത്തെക്കുറിച്ച് അറിഞ്ഞെന്ന് വ്യക്തമാക്കി. മോദിയുമായുളള കൂടിക്കാഴ്ചയിൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്തില്ല. ഡൽഹി കലാപം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ട്രംപ് ആവർത്തിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ മുളളാണ് കശ്മീരെന്ന് ഡോണൾഡ് ട്രംപ്. മോദി വളരെ ശക്തനായ വ്യക്തിയാണ്. ഇന്ത്യ-പാക് തർക്കത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണന്ന് മോദിയെ അറിയിച്ചു. മോദിയുമായും ഇമ്രാനുമായും അടുത്ത ബന്ധമാണുളളത്. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് മോദിയോട് പറഞ്ഞു. എല്ലാ കഥകൾക്കും ഇരുവശമുണ്ടെന്നും ട്രംപ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook